മുംബൈ: ഐ.പി.എല്ലില്‍ ഇതുവരെ കിരീടമൊന്നും നേടാനായില്ലെങ്കിലും റണ്‍വേട്ടയില്‍ ചരിത്ര നേട്ടം കുറിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി. 

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 6000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് കോലി സ്വന്തം പേരിലാക്കിയത്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെയാണ് താരം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 

മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 51-ല്‍ എത്തിയതോടെയാണ് കോലി ഈ നേട്ടത്തിന് അര്‍ഹനായത്. 196 മത്സരങ്ങളില്‍ നിന്ന് 38.35 ശരാശരിയില്‍ കോലിയുടെ പേരില്‍ 6021 റണ്‍സായി. ഐ.പി.എല്ലില്‍ അഞ്ചു സെഞ്ചുറികളും 40 അര്‍ധ സെഞ്ചുറികളും കോലി സ്വന്തമാക്കിയിട്ടുണ്ട്. 

രാജസ്ഥാനെതിരായ മത്സരത്തില്‍ 47 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറുമടക്കം കോലി 72 റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കല്‍ സെഞ്ചുറിയുമായി തിളങ്ങിയതോടെ 10 വിക്കറ്റിനായിരുന്നു ബാംഗ്ലൂരിന്റെ ജയം.

5448 റണ്‍സുമായി സുരേഷ് റെയ്‌നയാണ് ഐ.പി.എല്‍ റണ്‍വേട്ടയില്‍ കോലിക്ക് പിന്നില്‍. ശിഖര്‍ ധവാന്‍ (5428), ഡേവിഡ് വാര്‍ണര്‍ (5384), രോഹിത് ശര്‍മ (5368) തുടങ്ങിയവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Content Highlights: Virat Kohli becomes 1st cricketer to score 6000 runs in IPL