ഷാര്‍ജ: ഐ.പി.എല്ലിനിടെ ആരാധകരുടെ മനം കവര്‍ന്ന് എം.എസ് ധോനിയും വിരാട് കോലിയും. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരത്തിനിടെ ഇരുവരും സൗഹൃദ നിമിഷങ്ങള്‍ പങ്കിടുകയായിരുന്നു.

ഷാര്‍ജയില്‍ നടന്ന മത്സരം മണല്‍ക്കാറ്റ് കാരണം വൈകിയാണ് തുടങ്ങിയത്. ഈ സമയത്ത് ടോസിനായി കാത്തിരുന്ന ഇരുവരും പഴയ ഓര്‍മകള്‍ പങ്കുവെച്ചു. തോളില്‍ കൈയിട്ട് ചിരിയോടെ സംസാരിച്ചു. ഈ നിമിഷങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. 

കോലിയും ധോനിയും തമ്മിലുള്ള ബന്ധം വാക്കുകള്‍ക്ക് അതീതമാണ് എന്നാണ് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത്. മെന്ററും ക്യാപ്റ്റനും ആകുന്നതിന് മുമ്പ് ഇരുവരും സഹോദരങ്ങള്‍ ആയിരുന്നു എന്നും ട്വീറ്റുകളുണ്ട്. മണല്‍ക്കാറ്റിനിടെ മരുപ്പച്ച എന്നതായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. നിലവില്‍ വിരാട് കോലി ഇന്ത്യന്‍ ടീം ക്യാപ്റ്റനും ധോനി ട്വന്റി-20 ലോകകപ്പിനുള്ള ടീം മെന്ററുമാണ്.

മത്സരത്തില്‍ ആറു വിക്കറ്റിന് ചെന്നൈ ബാംഗ്ലൂരുവിനെ തോല്‍പ്പിച്ചു. 157 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 11 പന്ത് ശേഷിക്കെ വിജയതീരത്തെത്തി. 

Content Highlights: Virat Kohli And MS Dhoni's Camaraderie During RCB vs CSK Match Has Fans Talking IPL 2021