മുംബൈ: ഐ.പി.എല്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചെങ്കിലും ടൂര്‍ണമെന്റില്‍ തുടരാന്‍ നിര്‍ബന്ധിതനായി ഓസ്‌ട്രേലിയന്‍ അമ്പയര്‍ പോള്‍ റെയ്ഫല്‍. പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഇത്. ബയോ ബബ്ള്‍ വിടുന്നതിന് 10 മിനിറ്റ് മുമ്പാണ് വിമാനം റദ്ദാക്കിയ വാര്‍ത്ത റെയ്ഫലിനെ തേടിയെത്തിയത്. അതുകൊണ്ട് വീണ്ടും ക്വാറന്റെയ്‌നില്‍ കഴിയുന്നതില്‍ നിന്ന് റെയ്ഫല്‍ രക്ഷപ്പെട്ടു. ബയോ ബബ്ള്‍ വിട്ടാല്‍ തിരികെ കയറണമെങ്കില്‍ ഒരാഴ്ച്ച ഐസൊലേഷനില്‍ കഴിയണം.

'ദോഹ വഴി പോകാനാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ ഫലം കണ്ടില്ല. ഇന്നലെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അത് ക്യാന്‍സലായി. ഇനിയൊരു അവസരം വന്നാല്‍ തിരികെ പോകാന്‍ നോക്കും. കാരണം ഇനി എന്താണ് സംഭവിക്കുക എന്നത് അറിയില്ലല്ലോ...'ദി ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ റെയ്ഫല്‍ പറയുന്നു. 

നേരത്തെ മലയാളി അമ്പയര്‍ നിതിന്‍ മേനോന്‍ ഐ.പി.എല്ലില്‍ നിന്ന് പിന്മാറിയിരുന്നു. ഭാര്യയ്ക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആദം സാംപ, ആര്‍ അശ്വിന്‍ തുടങ്ങിയ താരങ്ങളും ഐ.പി.എല്ലില്‍ നിന്ന് പിന്മാറിയിരുന്നു.

Content Highlights: Umpire Paul Reiffels exit stalled due to travel ban