അബുദാബി: 2018-ലെ ഐ.പി.എല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചോരയൊലിക്കുന്ന കാല്‍മുട്ടുമായി കളിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഷെയ്ന്‍ വാട്‌സണ്‍ന്റെ ചിത്രം ആരും മറന്നിട്ടുണ്ടാകില്ല. അന്നത്തെ വാട്‌സണെ പോലെയായിരുന്നു ഐപിഎല്‍ ഈ സീസണില്‍ ഫാഫ് ഡു പ്ലെസിസ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പരിക്കേറ്റിട്ടും ചെന്നൈ താരം ഫീല്‍ഡിങ് തുടര്‍ന്നു.

കൊല്‍ക്കത്ത താരം ഇയാന്‍ മോര്‍ഗനെ പുറത്താക്കാന്‍ ബൗണ്ടറി ലൈനിന് അരികില്‍ നിന്ന് ക്യാച്ചെടുത്ത ശേഷമാണ് ഡു പ്ലെസിസിന്റെ കാല്‍മുട്ടില്‍ രക്തം കണ്ടത്. ഈ ചിത്രം നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ചു. ഡു പ്ലെസിസിന്റെ ആത്മസമര്‍പ്പണത്തെ അഭിനന്ദിച്ച് ആരാധകരുടെ ട്വീറ്റുകള്‍ നിറഞ്ഞു. ചെന്നൈയുടെ അഭിമാനമാണ് ഡു പ്ലെസിസ് എന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്. 

എന്നാല്‍ ഡു പ്ലെസിസിന് കാല്‍മുട്ടില്‍ പരിക്കേറ്റത് എങ്ങനെയാണെന്ന് വ്യക്തമല്ല. വെങ്കടേഷ് അയ്യരുടെ ഷോട്ട് തടയാനായി ഡൈവ് ചെയ്യുന്നതിനിടെയാകും ഡു പ്ലെസിസിന് പരിക്കേറ്റതെന്നാണ് സൂചന. ചെന്നൈയ്ക്കായി ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ താരം പുറത്തെടുത്തത്. 30 പന്തില്‍ ഏഴു ഫോറിന്റെ അകമ്പടിയോടെ 43 റണ്‍സ് അടിച്ചെടുത്തു. മത്സരത്തില്‍ രണ്ട് വിക്കറ്റിന് ചെന്നൈ കൊല്‍ക്കത്തയെ തോല്‍പ്പിച്ചു. 

 

Content Highlights: Twitter lauds Faf du Plessis for fielding with a bleeding knee against KKR