ഷാര്‍ജ: മുംബൈ ഇന്ത്യന്‍സിനെതിരായ ഐ.പി.എല്ലിലെ നിര്‍ണായകമായ മത്സരത്തില്‍ നാണംകെട്ട തോല്‍വി വഴങ്ങിയതിനുപിന്നാലെ പ്രതികരണവുമായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ രംഗത്ത്. ഷാര്‍ജയിലെ പിച്ച് വ്യത്യസ്തമാണെന്നും ബാറ്റര്‍മാരെ കുറ്റപ്പെടുത്താനാവില്ലെന്നുമാണ് സഞ്ജുവിന്റെ അഭിപ്രായം. 

'അബുദാബിയിലും ഷാര്‍ജയിലും വ്യത്യസ്തമായ പിച്ചുകളാണ്. അബുദാബിയില്‍ ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ്. ഷാര്‍ജയിലേത് അങ്ങനെയായിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുക എന്നത് ശ്രമകരമായിരുന്നു. അതുകൊണ്ടുതന്നെ ബാറ്റര്‍മാരെ കുറ്റപ്പെടുത്താനാവില്ല.'- സഞ്ജു പറഞ്ഞു.

മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് മുംബൈ രാജസ്ഥാനെ കീഴടക്കിയത്. സഞ്ജു ഉള്‍പ്പെടെയുള്ള ബാറ്റര്‍മാര്‍ നിറംമങ്ങിയ മത്സരത്തില്‍ വെറും 90 റണ്‍സിനാണ് രാജസ്ഥാന്‍ ഓള്‍ ഔട്ടായത്. ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ 189 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച അതേ ടീം വെറും 90 റണ്‍സിന് തകര്‍ന്നു. 

ഈ തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അസ്തമിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചുരുങ്ങിയത് 120 റണ്‍സിനെങ്കിലും വിജയിച്ചാല്‍ മാത്രമേ സഞ്ജുവിനും സംഘത്തിനും പ്ലേ ഓഫ് സാധ്യത നിലനില്‍ക്കൂ. മുംബൈയ്‌ക്കെതിരേ വിജയിച്ചിരുന്നെങ്കില്‍ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമായേനേ. നിലവിലെ സാഹചര്യത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും മുംബൈ ഇന്ത്യന്‍സിനും മാത്രമാണ് പ്ലേ ഓഫ് സാധ്യതകളുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ നേരത്തേ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. 

Content Highlights: The wicket was a challenge in the first innings says Sanju Samson