മുംബൈ: ഐ.പി.എല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ നായകസ്ഥാനം വിരാട് കോലി ഉപേക്ഷിച്ചത്. കോലിയുടെ ഈ തീരുമാനം ടീമംഗങ്ങളെപ്പോലും ഞെട്ടിക്കുന്നതായിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ നായകസ്ഥാനത്തുനിന്ന് പിന്മാറുമെന്നും കോലി അറിയിച്ചിരുന്നു. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് ശേഷമായിരിക്കും കോലി നായകസ്ഥാനത്തുനിന്ന് പടിയിറങ്ങുക.

ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ബാംഗ്ലൂര്‍ ഒന്‍പത് വിക്കറ്റിന് ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കോലി നായകസ്ഥാനം രാജിവെയ്ക്കുകയാണെന്ന് പറഞ്ഞത്. കോലിയുടെ തീരുമാനത്തെ പലരും എതിര്‍ത്തെങ്കിലും നായകനെ പിന്തുണച്ചുകൊണ്ട് ബാംഗ്ലൂരിന്റെ മുന്‍താരങ്ങളായ ഡെയ്ല്‍ സ്റ്റെയ്‌നും പാര്‍ഥിവ് പട്ടേലും രംഗത്തെത്തി. 

'താരമെന്ന നിലയിലും നായകനെന്ന നിലയിലും കോലിയ്ക്ക് ഭാരിച്ച ഉത്തരവാദിത്വങ്ങളുണ്ട്. ഇന്ത്യന്‍ ടീമിനെയും ബാംഗ്ലൂരിനെയും ഒരുപോലെ നയിക്കുമ്പോള്‍ അദ്ദേഹത്തിന് ബാറ്റിങ്ങിലേക്കുള്ള ശ്രദ്ധ നഷ്ടപ്പെടുന്നു. ഫോമിലേക്ക് തിരിച്ചെത്താന്‍ കോലി അതിയായി ആഗ്രഹിക്കുന്നു. ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുവേണ്ടിയാണ് അദ്ദേഹം നായകസ്ഥാനം രാജിവെക്കുന്നത്. ആ തീരുമാനം ശരിയാണെന്നാണ് എന്റെ അഭിപ്രായം'-സ്റ്റെയ്ന്‍ പറഞ്ഞു.

'കോലിയുടെ തീരുമാനത്തെ വൈകാരികമായി കാണരുതെന്ന് പാര്‍ഥിവ് പട്ടേല്‍ അഭിപ്രായപ്പെട്ടു. ' കോലിയുടെ തീരുമാനത്തെ വൈകാരികമായി കാണാന്‍ ശ്രമിക്കരുത്. ബാംഗ്ലൂരില്‍ 2008 മുതല്‍ കളിക്കുന്ന താരമാണ്. ടീമുമായി വലിയ ബന്ധം പുലര്‍ത്തുന്ന താരമാണ് കോലി. അദ്ദേഹത്തിനുവേണ്ടി എന്തും നല്‍കാന്‍ ടീം തയ്യാറാണ്. വളരെ ചിന്തിച്ച ശേഷമായിരിക്കും അദ്ദേഹം ഈ തീരുമാനമെടുത്തത്. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ തീരുമാനം അദ്ദേഹത്തെ സഹായിക്കും' -പാര്‍ഥിവ് പറഞ്ഞു. 

വിരാട് കോലിയ്ക്ക് പകരം ബാംഗ്ലൂരിനെ ആര് നയിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഡിവില്ലിയേഴ്‌സിനെപ്പോലുള്ള സീനിയര്‍ താരത്തെയാകും നായകനായി ടീം തിരഞ്ഞെടുക്കുക.

Content Highlights: Steyn and Parthiv back Kohli's decision to step down as skipper after 2021 season