ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിങ് കുന്തമുനയായ ഇന്ത്യന്‍ താരം ടി.നടരാജന് കോവിഡ് സ്ഥിരീകരിച്ചു. ഐ.പി.എല്‍ രണ്ടാം ഘട്ടം ആരംഭിച്ച ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കോവിഡ് കേസാണിത്. 

ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ നടരാജന്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. നടരാജനുമായി അടുത്ത സമ്പര്‍ക്കമുള്ള ആറ് ടീം അംഗങ്ങളും നിരീക്ഷണത്തിലാണ്. ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍, ടീം മാനേജര്‍ വിജയ് കുമാര്‍, ഫിസിയോ ശ്യാം സുന്ദര്‍, ഡോക്ടര്‍ അഞ്ജന, ലോജിസ്റ്റിക്ക് മാനേജര്‍ തുഷാര്‍ ഖേഡ്കര്‍, നെറ്റ് ബൗളര്‍ പെരിയസാമി ഗണേശന്‍ എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. നിലവില്‍ ആര്‍ക്കും രോഗലക്ഷണങ്ങളൊന്നുമില്ല.

എന്നാല്‍ മത്സരം നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. രണ്ടാം ഘട്ട ഐ.പി.എല്ലിലെ ആദ്യ മത്സരത്തിനാണ് ഇരുടീമുകളും ഇന്നിറങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്ന് റദ്ദാക്കി യു.എ.ഇയില്‍ നടത്താന്‍ തീരുമാനിച്ചത്. 

കാല്‍മുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ നടരാജന്‍ ഈയിടെയാണ് മത്സരരംഗത്തേക്ക് തിരിച്ചെത്തിയത്. സണ്‍റൈസേഴ്‌സിന് വേണ്ടി പന്തെറിഞ്ഞ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള നടരാജന്റെ മോഹത്തിന് വലിയ തിരിച്ചടിയാണ് കോവിഡ് സമ്മാനിച്ചത്. 

Content Highlights: SRH pacer T Natarajan tests positive for Covid-19; six close contacts isolated