ഓക്ക്‌ലന്‍ഡ്: ഐപിഎല്ലിലെ ബയോ ബബ്ള്‍ സുരക്ഷ പാലിക്കാന്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ക്ക് മടിയായിരുന്നെന്ന് മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിങ് കോച്ച് ജെയിംസ് പമ്മെന്റ്. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പറയുമ്പോള്‍ ഈ താരങ്ങള്‍ അതൃപ്തി അറിയിക്കുമെന്നും പമ്മെന്റ് പറയുന്നു. 

'നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നില്‍ക്കാന്‍ പല ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ക്കും താത്പര്യമുണ്ടായിരുന്നില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ഇവര്‍ അനിഷ്ടം കാണിച്ചു. ബയോ ബബ്‌ളിന് പോരായാമകളുണ്ടെന്ന് തോന്നിയിട്ടില്ല. അതിനുള്ളില്‍ എല്ലാവരും സുരക്ഷിതരായിരുന്നു. യാത്ര ചെയ്യുക എന്നതായിരുന്നു വെല്ലുവിളി.' ന്യൂസീലൻഡ് വാര്‍ത്താ വെബ്‌സൈറ്റായ www.stuff.co.nzന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പമ്മെന്റ്. 

ഇന്ത്യന്‍ താരങ്ങളുടെ കുടുംബത്തിലുള്ളവരെ കോവിഡ് ബാധിച്ചുതുടങ്ങിയതോടെ താരങ്ങള്‍ വിഷമത്തിലായി. കുടുംബാംഗങ്ങളുടെ പ്രയാസങ്ങള്‍ അവരെ അലട്ടി. റോഡിലൂടെ ആംബുലന്‍സുകള്‍ പായുന്നതു കണ്ടിരുന്നു. ചുറ്റും ആളുകള്‍ പ്രയാസപ്പെടുകയാണെന്ന് ടിവി വാര്‍ത്തകളിലൂടെ മനസ്സിലായി. എന്നാലും യുദ്ധഭൂമിയില്‍ നില്‍ക്കുന്നതുപോലെയുള്ള അനുഭവം ആയിരുന്നില്ല അത്. പമ്മെന്റ് കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയതോടെ പമ്മെന്റ് അടക്കമുള്ള ന്യൂസീലൻഡ് താരങ്ങള്‍ തിരികെ നാട്ടിലെത്തിയിരുന്നു. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ന്യൂസീലന്റ് താരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാലദ്വീപിലേക്കാണ് പോയത്. ഇവരുടെ ഇംഗ്ലണ്ടിലേക്കുള്ള യാത്ര ഇനിയും വൈകും. ഇംഗ്ലണ്ടിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടക്കുന്നത്. ഇന്ത്യയാണ് ന്യൂസീലൻഡിന്റെ എതിരാളികള്‍.

Content Highlights: Some senior Indian guys don't like being restricted says MI fielding coach James Pamment