ന്യൂഡല്‍ഹി: തോളിനേറ്റ പരിക്ക് കാരണം അഞ്ചു മാസത്തോളം കളത്തിന് പുറത്തായിരുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ തിരിച്ചെത്തുന്നു.

മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ശ്രേയസിന് പരിക്കേല്‍ക്കുന്നത്. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ എട്ടാം ഓവറില്‍ ജോണി ബെയര്‍സ്റ്റോയുടെ ഷോട്ട് തടയാനായി ഡൈവ് ചെയ്തപ്പോഴാണ് ശ്രേയസിന്റെ ചുമലിന് പരിക്കേറ്റത്. തുടര്‍ന്ന് താരത്തിന് ശസ്ത്രക്രിയ വേണ്ടി വന്നു. ഇതോടെ ഐപിഎല്‍ 14-ാം സീസണിന്റെ ആദ്യ പാദ മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു.

ഇപ്പോഴിതാ ടൂര്‍ണമെന്റിന്റെ രണ്ടാം പാദ മത്സരങ്ങള്‍ക്ക് സെപ്റ്റംബര്‍ 19-ന് യുഎഇയില്‍ തുടക്കമാകാനിരിക്കെ താരം ഡല്‍ഹി ടീമിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. 

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സഹ പരിശീലകന്‍ പ്രവീണ്‍ ആംറെയ്‌ക്കൊപ്പം കഴിഞ്ഞ ഒരാഴ്ചയായി പരിശീലനം നടത്തുകയാണ് ശ്രേയസ്. 

Content Highlights: Shreyas Iyer rejoins the Delhi Capitals team