ഷാര്‍ജ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനോടും ബൗളര്‍ ടിം സൗത്തിയോടും കയര്‍ത്ത ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആര്‍ അശ്വിനെതിരേ ഓസ്‌ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രംഗത്ത്. ക്രിക്കറ്റിന് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് വോണ്‍ വ്യക്തമാക്കുന്നു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ആയിരുന്നു വോണിന്റെ പ്രതികരണം.

'ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായത്തിന് പ്രസക്തിയില്ല. കാര്യം വളരെ ലളിതമാണ്. ഇത്തരത്തില്‍ നാണക്കേടുണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. എന്തിനാണ് അശ്വിന്‍ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത്?  അശ്വിനെ വിമര്‍ശിക്കാന്‍ മോര്‍ഗന് എല്ലാ ന്യായവും ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്.' വോണ്‍ ട്വീറ്റ് ചെയ്തു.

അധിക റണ്ണിനായാണ് അശ്വിന്‍ മോര്‍ഗനുമായി ഉരസിയത്. 19-ാം ഓവറിലെ അവസാന പന്തില്‍ രാഹുല്‍ ത്രിപാഠിയുടെ ത്രോ ക്രീസിലുണ്ടായിരുന്ന ഋഷഭ് പന്തിന്റെ ശരീരത്തില്‍തട്ടി തെറിച്ചു. ഇതുകണ്ട അശ്വിന്‍ പന്തിനെ രണ്ടാം റണ്‍ ഓടാനായി വിളിക്കുകയും ഇരുവരും ഒരു റണ്‍ കൂടി നേടുകയും ചെയ്തു. എന്നാല്‍ ഇതു ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേര്‍ന്നതല്ലെന്ന് കൊല്‍ക്കത്ത താരങ്ങള്‍ വാദിച്ചു.

ഇതിനു പിന്നാലെ ടിം സൗത്തി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ അശ്വിന്‍ പുറത്തായി. അശ്വിനെ മോര്‍ഗനും സൗത്തിയും പരിഹസിച്ചു. ഇതോടെ മോര്‍ഗന് നേരെ അശ്വിന്‍ നടന്നടുത്തു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് അശ്വിനെ പിടിച്ചുമാറ്റി. ഈ ഉരസല്‍ കൊല്‍ക്കത്തയുടെ ബാറ്റിങ്ങിനിടയിലും തുടര്‍ന്നു. മോര്‍ഗനെ പുറത്താക്കിയ അശ്വിന്‍ കൊല്‍ക്കത്ത ക്യാപ്റ്റനെ പരിഹസിച്ചാണ് യാത്രയാക്കിയത്.

 

Content Highlights: Shane Warne slams R Ashwin over on field altercation with Eoin Morgan IPL 2021