ഷാര്‍ജ: ട്വന്റി 20 ക്രിക്കറ്റില്‍ അപൂര്‍വമായ ഒരു റെക്കോഡ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ രോഹിത് ശര്‍മ. ട്വന്റി 20 ക്രിക്കറ്റില്‍ 400 സിക്‌സുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് രോഹിത് സ്വന്തം പേരില്‍ കുറിച്ചത്. 

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെയാണ് രോഹിത് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. അന്താരാഷ്ട്ര മത്സരങ്ങളും ലീഗ് മത്സരങ്ങളും ഉള്‍പ്പെടെയാണിത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ശ്രേയസ് ഗോപാലിന്റെ പന്തില്‍ സിക്‌സടിച്ചാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ 13 പന്തുകളില്‍ നിന്ന് 22 റണ്‍സെടുത്ത് താരം പുറത്തായി. 

ട്വന്റി 20 യില്‍ ഏറ്റവുമധികം സിക്‌സ് നേടിയ താരം വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലാണ്‌. വിവിധ ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 1042 സിക്‌സുകളാണ് ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. കീറണ്‍ പൊള്ളാര്‍ഡ് (758), ആന്ദ്രെ റസ്സല്‍ (510), ബ്രണ്ടന്‍ മക്കല്ലം (485), ഷെയ്ന്‍ വാട്‌സണ്‍ (467), എ.ബി.ഡിവില്ലിയേഴ്‌സ് (434) എന്നിവരും ട്വന്റി 20 യില്‍ 400-ലധികം സിക്‌സുകള്‍ നേടിയിട്ടുണ്ട്. 

അന്താരാഷ്ട്ര മത്സരങ്ങളുടെ മാത്രം കണക്കെടുക്കുമ്പോള്‍ സിക്‌സ് വേട്ടക്കാരുടെ പട്ടികയില്‍ രോഹിത് രണ്ടാമതാണ്. 111 മത്സരങ്ങളില്‍ നിന്ന് 133 സിക്‌സുകളാണ് താരം നേടിയിരിക്കുന്നത്. ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ഈ പട്ടികയില്‍ ഒന്നാമത്. 147 സിക്‌സുകളാണ് ഗപ്റ്റിലിന്റെ ശേഖരത്തിലുള്ളത്. 

Content Highlights: Rohit Sharma becomes first Indian to hit 400 T20 sixes