അബുദാബി: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടി മുംബെ ഇന്ത്യന്‍സ് താരങ്ങളായ ക്രുണാല്‍ പാണ്ഡ്യയും രോഹിത് ശര്‍മയും. പ്ലേ ഓഫിലേക്കുള്ള ജീവന്‍മരണ പോരാട്ടമായിട്ടും പഞ്ചാബ് താരം കെ.എല്‍ രാഹുലിനെ ഔട്ടാക്കാനുള്ള അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു ഇരുവരും.

പഞ്ചാബ് ഇന്നിങ്‌സിന്റെ ആറാം ഓവറിലാണ് സംഭവം. ക്രിസ് ഗെയ്‌ലും കെഎല്‍ രാഹുലുമായിരുന്നു ക്രീസില്‍. ആ ഓവറിലെ അവസാന പന്തില്‍ ഗെയ്ല്‍ സ്‌ട്രെയ്റ്റ് ഷോട്ട് അടിച്ചു. പന്ത് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന രാഹുലിന്റെ ശരീരത്തില്‍ തട്ടി ക്രുണാലിന് അടുത്തെത്തി. ക്രുണാല്‍ ഞൊടിയിടയില്‍ സ്റ്റമ്പ് തെറിപ്പിച്ചു. എന്നിട്ട് അപ്പീല്‍ ചെയ്തു.

എന്നാല്‍, തൊട്ടടുത്ത നിമിഷത്തില്‍ ക്രുണാല്‍ അപ്പീല്‍ പിന്‍വലിച്ചു. ക്യാപ്റ്റന്‍ രോഹിതുമായി സംസാരിച്ച ശേഷമായിരുന്നു ഇത്. ഇതെല്ലാം വീക്ഷിച്ച രാഹുല്‍ മുംബൈ ക്യാപ്റ്റന് തംപ്‌സ് അപ് നല്‍കി. രോഹിത് ഒരു ചിരിയില്‍ മറുപടിയൊതുക്കി. 

എന്നാല്‍, ഈ അവസരം പ്രയോജനപ്പെടുത്താന്‍ രാഹുലിന് കഴിഞ്ഞില്ല. 22 പന്തില്‍ 21 റണ്‍സെടുത്ത രാഹുലിനെ തൊട്ടടുത്ത ഓവറില്‍ കീറോണ്‍ പൊള്ളാര്‍ഡ് പുറത്താക്കി.

Content Highlights: Rohit Sharma and Krunal Pandya display great sportsmanship in MI vs PBKS game IPL 2021