ദുബായ്: ഐപിഎല്ലില്‍ ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാത്തതില്‍ പ്രതികരണവുമായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇതുവരെ ഒരു പന്തു പോലും ഹാര്‍ദിക് എറിഞ്ഞിട്ടില്ല എന്നത് മാത്രമാണ് തനിക്ക് അറിയാവുന്നതെന്ന് രോഹിത് വ്യക്തമാക്കി. 

'ഫിസിയോയും മെഡിക്കല്‍ സംഘവും ഹാര്‍ദികിനെ ബൗളിങ്ങിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഇതുവരെ എനിക്ക് അറിയാവുന്നത് ഹാര്‍ദിക് ഒരു പന്തു പോലും എറിഞ്ഞിട്ടില്ല എന്നത് മാത്രമാണ്. ഓരോ ദിവസം കഴിയുമ്പോഴും താരം മെച്ചപ്പെട്ട് വരുന്നുണ്ട്. അടുത്ത ആഴ്ച്ച ആകുമ്പോഴേക്കും ബൗള്‍ ചെയ്യാന്‍ കഴിയും എന്നാണ് കരുതുന്നത്. ഫിസിയോയ്ക്കും ഡോക്ടര്‍മാര്‍ക്കും മാത്രമേ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാനാകൂ.' രോഹിത് പറയുന്നു. 

ഇപ്പോഴത്തെ ബാറ്റിങ് ഫോം ഹാര്‍ദികിന് തന്നെ നിരാശയുണ്ടാകുന്നതാണ്. ഫോമിലേക്കുയരാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇതിന് മുമ്പും ഹാര്‍ദിക് കര കയറി വന്നിട്ടുണ്ടെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. 

ഹാര്‍ദികിനെ ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബൗള്‍ ചെയ്യാന്‍ കഴിയാത്ത, ഫിറ്റ്‌നെസ് വീണ്ടെടുക്കാത്ത താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

Content Highlights: Rohit Sharma addresses question on Hardik Pandyas bowling IPL 2021