ന്യൂഡല്‍ഹി: 2021 ഐ.പി.എല്ലിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഋഷഭ് പന്ത് തന്നെ നയിക്കും. ടീം അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കി. 

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകന്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായതോടെയാണ് ഋഷഭ് പന്തിന് നായകസ്ഥാനം ലഭിച്ചത്. ഇന്ത്യയില്‍ ആരംഭിച്ച പുതിയ സീസണില്‍ താരം ടീമിനെ നയിച്ചു.

എന്നാല്‍ സീസണ്‍ പകുതി പിന്നിട്ടപ്പോഴേക്കും കോവിഡ് വില്ലനായി അവതരിച്ചു. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ മത്സരം നിര്‍ത്തിവെച്ചു. ഇതോടെ ഐ.പി.എല്ലിനായി പുതിയ വേദി കണ്ടെത്തുന്നതിന്റെ തിരക്കിലായി അധികൃതര്‍.

2020 ഐ.പി.എല്‍ നടന്ന യു.എ.ഇയിലാണ് ഇത്തവണ 2021 ഐ.പി.എല്ലിന്റെ ബാക്കി മത്സരങ്ങള്‍ നടക്കുക. സെപ്റ്റംബര്‍ 19 ന് മത്സരങ്ങള്‍ പുനരാരംഭിക്കും. ശ്രേയസ് അയ്യര്‍ ടീമിലേക്ക് തിരിച്ചെത്തിയതോടെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനം പന്ത് വിട്ടുനല്‍കേണ്ടി വരുമെന്നാണ് കായികലോകം കണക്കുകൂട്ടിയത്. 

എന്നാല്‍ ഈ സീസണ്‍ മുഴുവന്‍ പന്തിനെ നായകനാക്കാന്‍ ടീം തീരുമാനിക്കുകയായിരുന്നു. നിലവില്‍ എട്ടുമത്സരങ്ങളില്‍ നിന്നും 12 പോയന്റുകള്‍ നേടിയ ഡല്‍ഹി ക്യാപിറ്റല്‍സാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സും മൂന്നാമതായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും നില്‍ക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സാണ് നാലാമത്.

Content Highlights: Rishabh Pant set to remain Delhi Capitals captain for last part of IPL