ഷാര്‍ജ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ദിനേശ് കാര്‍ത്തിക് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ അശ്രദ്ധയാണ് കാരണം.

ഡല്‍ഹി ഇന്നിങ്‌സിലെ 17-ാം ഓവറിലെ ആദ്യ പന്തിലാണ് സംഭവം. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ ആദ്യ പന്ത് ഇന്‍സൈഡ് എഡ്ജ് ആയി. ഇതോടെ പന്ത് സ്റ്റംപില്‍ കൊള്ളാതിരിക്കാന്‍ ഋഷഭ് ബാറ്റുകൊണ്ടു തട്ടിയകറ്റാന്‍ ശ്രമിച്ചു. വിക്കറ്റ് കീപ്പറായ ദിനേശ് കാര്‍ത്തിക് തൊട്ടുപിന്നിലുണ്ടെന്ന് ഓര്‍ക്കാതെയായിരുന്നു ഡല്‍ഹി ക്യാപ്റ്റന്റെ പരാക്രമം. കൃത്യസമയത്ത് കാര്‍ത്തിക് ഒഴിഞ്ഞുമാറിയതിനാല്‍ ബാറ്റ് തലയില്‍കൊണ്ടില്ല. 

മത്സരത്തില്‍ 36 പന്തില്‍ 39 റണ്‍സെടുത്ത് ഋഷഭ് പുറത്തായി. ഡല്‍ഹി നിശ്ചിത ഓവറില്‍ നേടിയത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ്. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്ത 10 പന്ത് ശേഷിക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഈ ലക്ഷ്യം മറികടന്നു.

Content Highlights: Rishabh Pant almost smashes Dinesh Karthik with bat while trying to save his wicket IPL 2021