ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടെങ്കിലും എം.എസ് ധോനിയുടെ ബാറ്റിങ് പ്രകടനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗനേക്കാള്‍ മികച്ചതാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. 

ക്യാപ്റ്റന്‍മാരെന്ന നിലയില്‍ മികവു കാട്ടിയെങ്കിലും ബാറ്റിങ്ങില്‍ മങ്ങിയ പ്രകടനമാണ് ധോനിയും മോര്‍ഗനും പുറത്തെടുത്തത്. ഐപിഎല്‍ ഈ സീസണില്‍ ഏറ്റവും കുറവ് റണ്‍സ് നേടിയ ക്യാപ്റ്റന്‍മാരാണ് ഇരുവരും. 16 മത്സരങ്ങളില്‍ നിന്ന് 129 റണ്‍സാണ് മോര്‍ഗന്റെ സമ്പാദ്യം. ധോനിയുടെ അക്കൗണ്ടിലുള്ളത് 114 റണ്‍സ് മാത്രമാണ്.

'ഇരുവരുടേയും ഫോം താരതമ്യം ചെയ്യുന്നത് ശരിയല്ല. കാരണം ധോനി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വ്യക്തിയാണ്. മോര്‍ഗനാകട്ടെ, ഇപ്പോഴും ദേശീയ ടീമിന്റെ ക്യാപ്റ്റനാണ്. ആപ്പിളിനെ ഓറഞ്ചുമായി താരതമ്യപ്പെടുത്തുന്നത് ശരിയാണോ?  

ധോനിയുടെ മോശം ബാറ്റിങ് പ്രകടനം നമുക്ക് മനസിലാക്കാവുന്നതേയുള്ളു. അദ്ദേഹം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് കാലങ്ങളായി. എന്നാല്‍ മോര്‍ഗന്‍ ഇപ്പോഴും ക്രിക്കറ്റില്‍ സജീവമായിട്ടുള്ള വ്യക്തിയാണ്. എന്നിട്ടുപോലും ഐപിഎല്ലില്‍ മോര്‍ഗനേക്കാള്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം ധോനിയുടേതാണെന്ന് കാണാം', ഗംഭീര്‍ വ്യക്തമാക്കുന്നു.

Content Highlights: Retired MS Dhoni has done better than Eoin Morgan says Gautam Gambhir