ദുബായ്: കോവിഡ് രോഗത്തിനെതിരേ പോരാടുന്നവര്‍ക്ക് ആദരവുമായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. കോവിഡിനെതിരേ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ബാംഗ്ലൂര്‍ പുതിയൊരു ജഴ്‌സി രൂപകല്‍പ്പന ചെയ്തു. 

സെപ്റ്റംബര്‍ 20 ന് നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ വിരാട് കോലിയും സംഘവും പുതിയ ജഴ്‌സിയില്‍ കളിക്കും. നീല നിറത്തിലുള്ള ജഴ്‌സിയാണ് താരങ്ങള്‍ അണിയുക. ഇത് പി.പി.ഇ കിറ്റിനെ അനുസ്മരിപ്പിക്കുമെന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ട്വീറ്റ് ചെയ്തു. 

കോവിഡിനെതിരേ പോരാടാന്‍ നിരവധി സഹായങ്ങള്‍ നല്‍കിയ ഐ.പി.എല്‍ ടീമാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. ഈ വര്‍ഷം ആദ്യം ബെംഗളൂരുവിലെ വിവിധ ആശുപത്രികളിലേക്ക് ടീം സൗജന്യമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കിയിരുന്നു. ഒപ്പം 75 കോടി രൂപയും ധനസഹായമായി നല്‍കി. 

കോവിഡ് മൂലം പാതിവഴിയില്‍ നിന്നുപോയ ഐ.പി.എല്‍ സെപ്റ്റംബര്‍ 19 ന് ആരംഭിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സുമാണ് സെപ്റ്റംബര്‍ 19 ന് ഏറ്റുമുട്ടുക. 

Content Highlights: RCB to sport blue jersey on Sept 20 to pay tribute to frontline workers