അബുദാബി: ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഈ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെ കീഴടക്കാനായാല്‍ ബാംഗ്ലൂര്‍ സെഞ്ചുറി ക്ലബ്ബില്‍ ഇടം നേടും.

ഐ.പി.എല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ടീം എന്ന നേട്ടമാണ് വിജയത്തിലൂടെ ബാംഗ്ലൂരിന് സ്വന്തമാകുക. നിലവില്‍ ബാംഗ്ലൂരിന്റെ അക്കൗണ്ടില്‍ 99 വിജയങ്ങളുണ്ട്. 208 മത്സരങ്ങളില്‍ നിന്നാണ് ബാംഗ്ലൂര്‍ 99 വിജയങ്ങള്‍ സ്വന്തമാക്കിയത്. 

ഇന്ന് വിജയിച്ചാല്‍ 100 വിജയങ്ങള്‍ നേടുന്ന ഐ.പി.എല്ലിലെ നാലാമത്തെ ടീമാകും ബാംഗ്ലൂര്‍. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയവര്‍. 

മുംബൈ ഇന്ത്യന്‍സാണ് കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കിയ ഐ.പി.എല്‍ ടീം. 216 മത്സരങ്ങളില്‍ നിന്ന് 126 വിജയങ്ങളാണ് മുംബൈ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് 192 മത്സരങ്ങളില്‍ നിന്ന് 115 വിജയങ്ങള്‍ നേടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 205 മത്സരങ്ങളില്‍ നിന്ന് 105 വിജയങ്ങളാണ് സ്വന്തമാക്കിയത്. 

ബാംഗ്ലൂരിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സുമുണ്ട്. 205 മത്സരങ്ങളില്‍ നിന്ന് 96 വിജയങ്ങളാണ് ഡല്‍ഹിയുടെ അക്കൗണ്ടിലുള്ളത്. ഐ.പി.എല്ലില്‍ ഇതുവരെ കിരീടം നേടാന്‍ കഴിയാതെ പോയ ടീമാണ് ബാംഗ്ലൂര്‍. പുതിയ സീസണില്‍ പ്ലേ ഓഫില്‍ പ്രവേശിച്ച ബാംഗ്ലൂര്‍ ഇത്തവണ കിരീടം നേടാനുള്ള തയ്യാറെടുപ്പിലാണ്. 

Content Highlights: RCB take on SRH with eye on 100th win in IPL history