അഹമ്മദാബാദ്: കൊല്‍ക്കത്ത ക്യാമ്പിലെ രണ്ട് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും കളി ഉപേക്ഷിച്ചത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കടുത്ത നിലപാട് എടുത്തതോടെ. കോവിഡ് പോസിറ്റീവായ ഈ രണ്ട് താരങ്ങളെ മാറ്റിനിര്‍ത്തി കളിയുമായി മുമ്പോട്ടു പോകാനുളഅള സാധ്യതയാണ് ഐപിഎല്‍ അധികൃതര്‍ നോക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കളിക്കാന്‍ ഇറങ്ങില്ലെന്ന് ബാംഗ്ലൂര്‍ ശക്തമായ നിലപാട് എടുത്തതോടെ മത്സരം മാറ്റിവെയ്ക്കുകയ്ല്ലാതെ വേറെ വഴിയില്ലായിരുന്നു. 

കൊല്‍ക്കത്ത താരങ്ങളായ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. അഹമ്മദാബാദില്‍ മത്സരം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നടത്തിയ ടെസ്റ്റിലാണ് ഇവര്‍ കോവിഡ് പോസിറ്റീവ് ആയത്. 

ക്യാമ്പിനുള്ളില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ സമ്പര്‍ക്കമുള്ളവരെല്ലാം ആറു ദിവസം ക്വാറന്റീനിൽ പോകണമെന്നും അതിനുശേഷം മൂന്നു ആര്‍ടി-പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നുമാണ് ഐപിഎല്ലിലെ വ്യവസ്ഥ. എന്നാല്‍ ഈ വ്യവസ്ഥ ലംഘിച്ച് കളി നടത്താനായിരുന്നു ശ്രമം.

കോവിഡ് പോസിറ്റീവായ കളിക്കാരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കൊല്‍ക്കത്ത വ്യക്തമാക്കി. സന്ദീപ് വാര്യര്‍ക്ക് കോവിഡ് ലക്ഷണങ്ങളില്ല. വരുണ്‍ ചക്രവര്‍ത്തിക്ക് നേരിയ ലക്ഷണങ്ങളാണുള്ളതെന്നും കൊല്‍ക്കത്ത ട്വീറ്റിലൂടെ അറിയിച്ചു. 

Content Highlights: RCB Players Refused to Play After Positive COVID 19 Cases