മുംബൈ: ആര്‍സിബിയുടെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ട ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രകടനത്തില്‍ നിര്‍ണായകമായത് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പ്രകടനമായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ തിളങ്ങിയ ജഡേജ ചെന്നൈയ്ക്ക് വിജയമൊരുക്കി. ഈ പ്രകടനത്തിന്റെ ക്രെഡിറ്റ് ജഡേജ നല്‍കുന്നത് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോനിക്കാണ്. 

'ഒരുപാട് ആസ്വദിച്ചാണ് ബാംഗ്ലൂരിനെതിരേ കളിച്ചത്. ടീമിനായി മികച്ച സംഭാവനകള്‍ നല്‍കുകയും മത്സരം വിജയിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് അര്‍ഥമുണ്ടാകുന്നു. ഗ്രൗണ്ടില്‍ കളിക്കുമ്പോഴെല്ലാം കഴിവ് പരമാവധി പുറത്തെടുക്കാന്‍ ശ്രമിക്കാറുണ്ട്. ഭാഗ്യത്തിന് ആര്‍സിബിക്കെതിരേ എല്ലാം അനുകൂലമായി വന്നു.

അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെതിരേ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത് ധോനിയുടെ ഉപദേശമാണ്. ഹര്‍ഷല്‍ ഓഫ് സ്റ്റമ്പിന് പുറത്ത് എവിടെയെങ്കിലും പന്തെറിയും എന്ന് മഹി എന്നോട് പറഞ്ഞു. ഭാഗ്യത്തിന് അതുതന്നെ സംഭവിച്ചു.' ജഡേജ വ്യക്തമാക്കുന്നു.

അവസാന ഓവറില്‍ അഞ്ച് സിക്‌സ് അടക്കം 37 റണ്‍സ് നേടിയ ജഡേജ ചെന്നൈയുടെ സ്‌കോര്‍ 191 റണ്‍സിലെത്തിച്ചു. ജഡേജ 62 റണ്‍സും നേടി. പിന്നീട് 13 റണ്‍സ് മാത്രം മൂന്നു വിക്കറ്റും വീഴ്ത്തി.

Content Highlights: Ravindra Jadeja IPL 2021 Cricket