ചെന്നൈ: ഐ.പി.എല്‍ 14-ാം സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിക്കുന്നതിനിടെ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്ന താരമായിരുന്നു ആര്‍. അശ്വിന്‍. കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് അശ്വിന്‍ ഇടയ്ക്ക് വെച്ച് പിന്മാറിയത്. ടീം മാനേജ്‌മെന്റിന്റെ അനുവാദത്തോടെയായിരുന്നു ഇത്. വൈകാതെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ടൂര്‍ണമെന്റ് ബി.സി.സി.ഐ താത്കാലികമായി റദ്ദാക്കുകയും ചെയ്തു. 

ഇപ്പോഴിതാ ഇടയ്ക്ക് വെച്ച് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറാനുണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അശ്വിന്‍. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അശ്വിന്‍ കാര്യങ്ങള്‍ വിശദമാക്കിയത്. 

''എന്റെ പ്രദേശത്തെ മിക്കവാറും ആളുകള്‍ക്കും കോവിഡ് ബാധിച്ചിരുന്നു. എന്റെ ചില കസിന്‍സ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. എങ്ങനെയോ അവര്‍ രക്ഷപ്പെട്ടു. ടൂര്‍ണമെന്റിനിടെ 8-9 ദിവസങ്ങള്‍ എനിക്ക് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. അത് ശരിക്കും എന്നെ സമ്മര്‍ദത്തിലാക്കി. ഉറക്കം ലഭിക്കാതെയാണ് ഞാന്‍ മത്സരങ്ങള്‍ കളിച്ചത്. ഇതൊന്നും എനിക്ക് താങ്ങാനാകുമായിരുന്നില്ല. അതോടെയാണ് ഞാന്‍ ഇടയ്ക്ക് വെച്ച് ഐ.പി.എല്‍ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയത്.'' - അശ്വിന്‍ പറഞ്ഞു.

ഐ.പി.എല്‍ ഉപേക്ഷിച്ച് മടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഇനി ക്രിക്കറ്റ് കളിക്കാന്‍ എനിക്കു കഴിയുമോ എന്ന ആശങ്കയും തനിക്കുണ്ടായിരുന്നുവെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: R Ashwin reveals struggle with Covid-19 during IPL 2021