ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി പഞ്ചാബ് കിങ്‌സിന്റെ വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പുരനും. 

കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ഐ.പി.എല്‍ പ്രതിഫലത്തിന്റെ ഒരു ഭാഗം സംഭാവന നല്‍കുമെന്ന് പുരന്‍ പ്രഖ്യാപിച്ചു. 

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോയിലാണ് പുരന്‍ ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിസന്ധിക്കെതിരേ രാജ്യത്തെ തങ്ങളാലാവുന്ന വിധത്തില്‍ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസീസ് താരം പാറ്റ് കമ്മിന്‍സും മുന്‍ ഓസീസ് താരം ബ്രെറ്റ് ലീയും അടക്കമുള്ളയാളുകളും ഇന്ത്യയ്ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.

ഓക്സിജന്‍ ക്ഷാമം രൂക്ഷമായ ഇന്ത്യയ്ക്കായി 50000 ഓസ്ട്രേലിയന്‍ ഡോളര്‍ (ഏകദേശം 29 ലക്ഷം രൂപ) ആണ് കമ്മിന്‍സ് നല്‍കിയത്. പ്രധാനമന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന നല്‍കിയത്. അതേസമയം 41 ലക്ഷത്തോളം രൂപയാണ് ബ്രെറ്റ് ലീ നല്‍കിയത്. ഇന്ത്യ തന്റെ രണ്ടാം വീടാണെന്നും രാജ്യത്തെ ആശുപത്രികള്‍ക്ക് ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങാനാണ് പണം നല്‍കുന്നതെന്നും ലീ വ്യക്തമാക്കി.

ഇതുകൂടാതെ രാജസ്ഥാന്‍ റോയല്‍സ് 7.5 കോടിയും ഡല്‍ഹി 1.5 കോടിയും സംഭാവന ചെയ്തിട്ടുണ്ട്.

Content Highlights: PBKS batsman Nicholas Pooran to donate part of salary to help fight Covid-19 crisis