ദുബായ്:  ക്രിക്കറ്റില്‍ പല തരത്തിലുള്ള സിക്‌സറുകളും നമ്മള്‍ കണ്ടിട്ടുണ്ട്. ഗാലറിയുടെ മേല്‍ക്കൂരയ്ക്കു മുകളിലും കാണികളുടെ അടുത്തേക്കുമെല്ലാം പന്തുകള്‍ ചെന്നെത്താറുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം നിധീഷ് റാണിയുടെ ഷോട്ട് പതിച്ചത്‌ ക്യാമറയുടെ ലെന്‍സിലാണ്. 

ബൗണ്ടറി ലൈനിന് അരികില്‍വെച്ച ക്യാമറയിലാണ് പന്ത് ചെന്നുവീണത്. അടുത്ത നിമിഷംതന്നെ ലെന്‍സ് പൊട്ടിപ്പോയി. കൊല്‍ക്കത്ത ഇന്നിങ്‌സിന്റെ 18-ാം ഓവറിലാണ് സംഭവം. ജേസണ്‍ ഹോള്‍ഡര്‍ ഈ ഓവറിലെ നാലാം പന്ത് നിധീഷ് റാണ ബൗണ്ടറിയിലേക്ക് പറത്തി. റാഷിദ് ഖാന്‍ ഓടിയെത്തിയെങ്കിലും പന്ത് ബൗണ്ടറി ലൈനും കടന്ന് ക്യാമറയുടെ ലെന്‍സില്‍ പതിച്ചു. 

മത്സരത്തില്‍ വിജയിച്ച കൊല്‍ക്കത്ത പ്ലേ ഓഫ് സാധ്യത സജീവമാക്കി. 57 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്ഡറെ പ്രകടനമാണ് കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായകമായത്. 25 റണ്‍സുമായി നിധീഷ് റാണയും 12 പന്തില്‍ 18 റണ്‍സെടുത്ത് ദിനേശ് കാര്‍ത്തികും പിന്തുണ നല്‍കി. 

Content Highlights: Nitish Ranas fiery pull shot breaks camera lens at Dubai Stadium IPL 2021