ന്യൂഡല്‍ഹി: ബയോ ബബിളിനുള്ളില്‍ താരങ്ങള്‍ കോവിഡ് ബാധിതരായതോടെ നിര്‍ത്തിവെച്ച ഐ.പി.എല്‍ മത്സരങ്ങള്‍ പുനഃരാരംഭിച്ചാലും ന്യൂസീലന്‍ഡ് താരങ്ങള്‍ക്ക് പങ്കെടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്. 

ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം സെപ്റ്റംബര്‍ വിന്‍ഡോയില്‍ ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങള്‍ നടത്താന്‍ സാധിക്കുമോ എന്ന ആലോചനയിലാണ് ബി.സി.സി.ഐ. 31 മത്സരങ്ങളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. 

എന്നാല്‍ സീസണ്‍ പുനഃരാരംഭിച്ചാലും ഇംഗ്ലണ്ട് താരങ്ങള്‍ കളിക്കാനെത്തില്ലെന്ന് കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കിവീസ് താരങ്ങള്‍ക്കും പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്. 

സെപ്റ്റംബറില്‍ പാകിസ്താനുമായി പരമ്പരയുള്ളതിനാലാണ് കിവീസ് താരങ്ങള്‍ ഐ.പി.എല്ലിനില്ലെന്ന് പറയുന്നത്. ന്യൂസീലന്‍ഡിന്റെ പ്രധാന താരങ്ങള്‍ പലരും ഐ.പി.എല്‍ ടീമുകളുടെ ഭാഗമാണ്. അതിനാല്‍ തന്നെ ഐ.പി.എല്ലിനായി താരങ്ങള്‍ പോയാല്‍ പാക് പരമ്പര മാറ്റിവെക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ പാക് പരമ്പരയുമായി മുന്നോട്ടു പോകാനാണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം.

Content Highlights: New Zealand players unlikely to play in rescheduled IPL 2021