ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനും മുന്‍ ഇന്ത്യന്‍ താരവുമായ മഹേന്ദ്ര സിങ് ധോനി ക്രിക്കറ്റില്‍ നിന്ന്‌ ഉടന്‍ വിരമിക്കില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി കഴിയാവുന്ന അത്രയും കാലം കളിക്കണമെന്ന് ധോനി പറഞ്ഞു. 

ഇന്ത്യ സിമന്റ്‌സിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ധോനി ഇക്കാര്യം വ്യക്തമാക്കിയത്. 'ക്രിക്കറ്റിനോട് വിടപറയാന്‍ സമയമായിട്ടില്ല. ചെന്നൈയ്ക്ക് വേണ്ടി ഇനിയും കളിക്കണം. എന്റെ വിരമിക്കല്‍ മത്സരം ചെന്നൈയില്‍ വെച്ച് നടക്കണമെന്നാണ് ആഗ്രഹം. എന്റെ ആരാധകരും അത് ആഗ്രഹിക്കുന്നുണ്ട്'- ചടങ്ങിനിടെ ധോനി പറഞ്ഞു. 

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെന്ററാണ് ധോനി. ഈ ചുമതല ലഭിച്ചതോടെ താരം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. ഇതെല്ലാം ധോനിയുടെ പ്രസ്താവനയിലൂടെ ഇല്ലാതായി. 

ക്രിക്കറ്റിനൊപ്പം പരസ്യങ്ങളിലും സജീവമാകുമെന്നും എന്നാല്‍ ബോളിവുഡിലേക്ക് കടക്കാനും സിനിമ ചെയ്യാനും താത്പര്യമില്ലെന്നും ധോനി കൂട്ടിച്ചേര്‍ത്തു. 

2020 ഓഗസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോനി നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി മാത്രമാണ് കളിക്കുന്നത്. ധോനിയുടെ നായക മികവില്‍ ചെന്നൈ ഐ.പി.എല്‍ പ്ലേ ഓഫിലേക്ക് കുതിച്ചു. 

Content HIghlights: MS Dhoni won’t retire after IPL 2021, wants to play farewell game in Chennai