ഷാര്‍ജ: മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയുടെ ഫോമാണ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കുഴക്കുന്നത്. ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് താരത്തിന്റെ അക്കൗണ്ടിലുള്ളത് 157 റണ്‍സ് മാത്രം. എന്നാല്‍ ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോനിക്ക് ഇതൊന്നും പ്രശ്‌നമല്ലെന്നാണ് ഇന്ത്യയുടെ മുന്‍താരം സെവാഗ് പറയുന്നത്. ധോനി റെയ്‌നയെ ടീമില്‍ നിന്ന് മാറ്റില്ലെന്നും ക്രിക്ക്ബസിന് നല്‍കിയ അഭിമുഖത്തില്‍ സെവാഗ് വ്യക്തമാക്കുന്നു.

'റെയ്‌നയുടെ ബാറ്റിങ് ഓര്‍ഡറിനെ കുറിച്ച് ധോനിക്ക് എന്തെങ്കിലും സംശയമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. റെയ്‌നയുടെ പ്രകടനം മോശമാണെന്ന് ധോനിക്ക് നന്നായി അറിയാം. എന്നാല്‍ റെയ്‌നയെ ടീമില്‍ നിന്ന് മാറ്റി വേറൊരു താരത്തെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ധോനി ആലോചിക്കില്ല. ശര്‍ദ്ദുല്‍ ഠാക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ചെന്നൈയുടെ ബാറ്റിങ് നിര മികച്ചതാണെന്ന് ധോനിക്ക് അറിയാം. അതുകൊണ്ടുതന്നെ റെയ്‌നയുടെ ബാറ്റിങ് പൊസിഷനെ കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമില്ല', സെവാഗ് വ്യക്തമാക്കുന്നു. 

'ട്വന്റി-20 കളിക്കാന്‍ റെയ്‌നക്ക് ഏറെ ഇഷ്ടമാണ്. അദ്ദേഹം റണ്‍സ് കണ്ടെത്തുന്ന ഒരു മത്സരമുണ്ടാകും. അതിനായി കാത്തിരിക്കണം. പ്ലേ ഓഫില്‍ ചിലപ്പോള്‍ റെയ്‌ന ഫോമിലേക്കുയരും. അദ്ദേഹത്തിന് അത്രമാത്രം അനുഭവസമ്പത്തുണ്ട്', സെവാഗ് കൂട്ടിച്ചേര്‍ത്തു.

Content Highlights: MS Dhoni will never replace Suresh Raina with someone else says Virender Sehwag IPL 2021