ഷാര്‍ജ: വെസ്റ്റിൻഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയെ അഭിനന്ദിച്ച് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായത് ബ്രാവോയുടെ പ്രകടനമായിരുന്നു. 

'ബ്രാവോയെ ഞാന്‍ സഹോദരന്‍ എന്നാണ് വിളിക്കുന്നത്. എല്ലാ വര്‍ഷവും ഞങ്ങള്‍ക്കിടയില്‍ വഴക്കുണ്ടാകാറുണ്ട്. സ്ലോ ബോള്‍ എറിയുന്നതുമായി ബന്ധപ്പെട്ടാകും ഈ വഴക്ക്. എന്നാല്‍ ഇപ്പോള്‍ സ്ലോ ഡെലിവറികളുടെ പേരിലാണ് ബ്രാവോ അറിയപ്പെടുന്നത്. സ്ലോ ബോളുകളിലൂടെ ബാറ്റ്സ്മാനെ ആശയക്കുഴപ്പത്തിലാക്കുകകായണ് ബ്രാവോയുടെ ലക്ഷ്യം. ഇനി അദ്ദേഹം സ്ലോ ബോള്‍ എറിഞ്ഞില്ലെങ്കില്‍ അതും ബാറ്റര്‍ക്ക് സര്‍പ്രൈസ് ആകും. ഈ ഓവറില്‍ ബ്രാവോ സ്ലോ ബോള്‍ എറിഞ്ഞില്ലല്ലോ എന്നാണ് ബാറ്റര്‍ പറയുക.'ധോനി വ്യക്തമാക്കുന്നു. 

ട്വന്റി-20 ക്രിക്കറ്റിലെ വിദഗ്ദ്ധനാണ് ബ്രാവോ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ മനോഹരമായി കളിക്കുന്നു. ടീം ആവശ്യപ്പെടുമ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് മികവ് കാണിക്കാനും ബ്രാവോയ്ക്ക് കഴിയുന്നു. ധോനി കൂട്ടിച്ചേര്‍ത്തു. 

മികച്ച ഫോമിലായിരുന്ന ആര്‍സിബിയുടെ ക്യാപ്റ്റന്‍ വിരാട് കോലിയെ ബ്രാവോ പുറത്താക്കിയതാണ് മത്സരത്തില്‍ നിര്‍ണായകമായത്. 53 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ കോലിയുടെ സമ്പാദ്യം. അതിനുശേഷം തകര്‍ന്ന ആര്‍സിബിയുടെ സ്‌കോര്‍ 156 റണ്‍സില്‍ ഒതുങ്ങി. 24 റണ്‍സ് മാത്രം വഴങ്ങി ബ്രാവോ മൂന്നു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 11 പന്ത് ശേഷിക്കെ വിജയതീരത്തെത്തി.

Content Highlights: MS Dhoni praises Dwayne Bravos bowling show vs RCB IPL 2021