ചെന്നൈ: ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡ് ഇനി എം.എസ് ധോനിക്ക് സ്വന്തം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ദിനേശ് കാര്‍ത്തികിനെ പുറത്താക്കിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ റെക്കോഡ് പുസ്തകത്തില്‍ ഇടം നേടിയത്. ഇതോടെ ഐപിഎല്ലില്‍ ധോനിയുടെ പേരില്‍ 116 ക്യാച്ചുകളായി. 

ഈ റെക്കോഡില്‍ രസകരമായ ഒരു കാര്യമുണ്ട്. ദിനേശ് കാര്‍ത്തികിനെ പുറത്താക്കി അതേ കാര്‍ത്തികിന്റെ പേരിലുള്ള റെക്കോഡാണ് ധോനി മറികടന്നത്. 115 ക്യാച്ചുമായി ഇതുവരെ കാര്‍ത്തികാണ്‌ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ജോഷ് ഹെയ്‌സല്‍വുഡിന്റെ ഫുള്‍ ഡെലിവറിയില്‍ എഡ്ജ് ചെയ്ത പന്ത് ധോനിയുടെ കൈയിലെത്തുകയായിരുന്നു. 

ഇതേമത്സത്തില്‍ വെങ്കിടേഷ് അയ്യരെ പുറത്താക്കിയ ക്യാച്ചെടുത്തതും ധോനിയാണ്. എന്നാല്‍ ബാറ്റിങ്ങില്‍ ധോനിയുടെ പ്രകടനം ദയനീയമായിരുന്നു. നാല് പന്ത് നേരിട്ട് ഒരു റണ്ണെടുത്ത ചെന്നൈ ക്യാപ്റ്റന്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയി. മത്സരത്തില്‍ രണ്ടു വിക്കറ്റിന് കൊല്‍ക്കത്തയെ തോല്‍പ്പിച്ച് ചെന്നൈ പ്ലേ ഓഫിലെത്തി. 

Content Highlights: MS Dhoni goes past Dinesh Karthiks tally of most IPL catches as wicketkeeper IPL 2021