ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെ ധോനിയുടെ ഭാവിയെ കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ രണ്ടു സീസണുകളിലായി പ്രചരിക്കുന്നുണ്ട്. പ്രായം നാല്‍പ്പതിനോടടുത്ത ധോനിക്ക് ഇനി എത്രകാലം കളത്തില്‍ തുടരാനാകുമെന്ന കാര്യം സംശയമാണ്. 

ഇപ്പോഴിതാ തന്റെ ഐപിഎല്ലിലെ ഭാവിയെ കുറിച്ച് ധോനി തന്നെ സൂചന നല്‍കിയിരിക്കുകയാണ്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിന്റെ ടോസിനു ശേഷം ഡാനി മോറിസനുമായി സംസാരിക്കുമ്പോഴാണ് ധോനി അടുത്ത സീസണില്‍ കളിക്കുന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചത്. 

അടുത്ത സീസണില്‍ ചെന്നൈക്കൊപ്പം ഉണ്ടാകുമെന്ന് പറഞ്ഞ ധോനി അത് കളിക്കാരനായി തന്നെ ആകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. 

''മഞ്ഞക്കുപ്പായത്തില്‍ അടുത്ത സീസണിലും നിങ്ങള്‍ക്കെന്നെ കാണാം. എന്നാല്‍ ചെന്നൈക്കായി കളിക്കുന്ന തരത്തിലാകുമോ എന്നത് അറിയില്ല.'' - ധോനി പറഞ്ഞു. 

അനിശ്ചിതത്വങ്ങള്‍ പലതും മുന്നിലുണ്ടെന്നും രണ്ടു ടീമുകള്‍ കൂടി വരുന്നതിനാല്‍ കളിക്കാരെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ എത്തരത്തിലാണെന്നത് അറിയില്ലെന്നും ധോനി വ്യക്തമാക്കി. 

അതേസമയം തന്റെ വിരമിക്കല്‍ മത്സരം ചെന്നൈയിലാകുമെന്ന് കഴിഞ്ഞ ദിവസം ധോനി വ്യക്തമാക്കിയിരുന്നു. ഇന്ത്യ സിമന്റ്സിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ധോനി ഇക്കാര്യം പറഞ്ഞത്.

Content Highlights: MS Dhoni expressed doubts on part of the Chennai franchise next season