ഷാര്‍ജ: എംഎസ് ധോനിയുടെ ഫിനിഷിങ് ഒരിക്കല്‍ കൂടി കണ്ട മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ പ്ലേ ഓഫിലെത്തിയിരുന്നു. ഈ മത്സരത്തില്‍ ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോനി സ്വന്തം പേരില്‍ ഒരു റെക്കോഡ് കൂടി എഴുതിച്ചേര്‍ത്തു.

ഐ.പി.എല്ലില്‍ ഒരു ടീമിനായി 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി ധോനി മാറി. ചെന്നൈയിലെ സഹതാരം സുരേഷ് റെയ്‌നയുടെ പേരിലുള്ള 98 ക്യാച്ചുകളുടെ റെക്കോഡാണ് ധോനി മറികടന്നത്. മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡാണ് മൂന്നാം സ്ഥാനത്തുള്ളത്. പൊള്ളാര്‍ഡിന്റെ പേരില്‍ 94 ക്യാച്ചുകളാണുള്ളത്.

ഹൈദരാബാദിനെതിരായ മത്സരത്തില്‍ രവീന്ദ്ര ജഡേജയുടെ ഓവറില്‍ വൃദ്ധിമാന്‍ സാഹയെ പുറത്താക്കിയാണ് ധോനി ക്യാച്ചില്‍ സെഞ്ചുറി നേടിയത്. ഐ.പി.എല്ലില്‍ ധോനിയുടെ പേരില്‍ ആകെ 119 ക്യാച്ചുകളാണുള്ളത്. അതില്‍ 19 ക്യാച്ചുകള്‍ റെയ്‌സിങ് പുനെ സൂപ്പര്‍ജയന്റ്‌സിനായി നേടിയതാണ്. 

ഹൈദരാബാദിനെതിരായ മത്സരത്തില്‍ സാഹയെക്കൂടാതെ ജേസണ്‍ റോയിയും പ്രിയം ഗാര്‍ഗും പുറത്തായത് ധോനിയുടെ ക്യാച്ചിലാണ്. ഇത്തരത്തില്‍ ധോനി ഒരു ഐപിഎല്‍ മത്സരത്തില്‍ മൂന്നോ അതില്‍ കൂടുതലോ ക്യാച്ചെടുക്കുന്നത് പത്താം തവണയാണ്. അഞ്ചു തവണ ഈ നേട്ടം സ്വന്തമാക്കിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം എബി ഡിവില്ലിയേഴ്‌സാണ് രണ്ടാമതുള്ളത്. 

 Content Highlights: MS Dhoni Creates New Record, Beats Raina To Take 100 Catches For An IPL Team