ദുബായ്: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം ആരാധകരുടെ മനം കവര്‍ന്നത് കളത്തിന് പുറത്തുനിന്നുള്ള ഒരു കാഴ്ച്ചയായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ദീപക് ചാഹര്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരശേഷം പ്രണയിനിയോട് വിവാഹ അഭ്യര്‍ഥന നടത്തി. ആ മേനോഹര നിമിഷം ആരാധകര്‍ ആസ്വദിച്ചു.

എന്നാല്‍ യഥാര്‍ഥത്തില്‍ പ്ലേ ഓഫ് മത്സരത്തിന് ശേഷം പ്രണയിനിയെ 'പ്രൊപ്പോസ്' ചെയ്യാനായിരുന്നു ദീപക് ആദ്യം തീരുമാനിച്ചിരുന്നത്. ഇക്കാര്യം ടീം ക്യാപ്റ്റന്‍ എംഎസ് ധോനിയോട് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ലീഗ് മത്സരത്തിന് ശേഷം വിവാഹാഭ്യര്‍ഥന നടത്താന്‍ ചാഹറിനോട് നിര്‍ദേശിച്ചത്. ചാഹറിന്റെ പിതാവ് ലോകേന്ദ്ര സിങ് ചാഹറാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്.

'മത്സരത്തിനുശേഷം ഇത്തരമൊരു കാര്യം ആസൂത്രണം ചെയ്യുന്നതായി ദീപക് കുടുംബാംഗങ്ങളെ മുന്‍കൂട്ടി അറിയിച്ചിരുന്നു. ഞങ്ങള്‍ക്കെല്ലാം അതില്‍ സന്തോഷം മാത്രമേയുള്ളു. അതുകൊണ്ട് 180 രാജ്യങ്ങളിലുള്ളവര്‍ ദീപകിന്റേയും ജയയുടേയും മോതിരമാറ്റ ചടങ്ങ് തത്മസയം കണ്ടില്ലേ. ഇനി അവന്‍ തിരിച്ചുവന്നിട്ടുവേണം വിവാഹ തിയ്യതി നിശ്ചയിക്കാന്‍'-ലോകേന്ദ്ര സിങ്ങ് വ്യക്തമാക്കി. 

ഡല്‍ഹി സ്വദേശിനിയായ ജയ ഭരദ്വാജാണ് ചാഹറിന്റെ കാമുകി. പഞ്ചാബിനെതിരായ മത്സരം പൂര്‍ത്തിയായതിന് പിന്നാലെ ജയയ്ക്ക് അരികിലേക്ക് ഓടിയെത്തുകയായിരുന്നു ചാഹര്‍. 

Content Highlights: MS Dhoni Advised Deepak Chahar To Propose His Girlfriend Jaya Bharadwaj After CSK vs PBKS