സിഡ്‌നി: ഐപിഎല്ലില്‍ കളിക്കാന്‍ സാധിക്കാതിരുന്നത് ഇപ്പോള്‍ ഭാഗ്യമായി തോന്നുവെന്ന് ഓസ്‌ട്രേലിയയുടെ ബാറ്റ്‌സ്മാന്‍ മാര്‍നസ് ലബുഷെയ്ന്‍. 2021 സീസണിന് മുമ്പായുള്ള താരലേലത്തില്‍ ലബൂഷെയ്‌നേയും പരിഗണിച്ചിരുന്നു. എന്നാല്‍ ഒരു കോടി രൂപ അടിസ്ഥാന വിലയുള്ളതിനാല്‍ താരത്തെ സ്വന്തമാക്കാന്‍ ടീമുകള്‍ തയ്യാറായില്ല.

'ഏത് കാര്യത്തിനും രണ്ടു വശമുണ്ട്. ഞാന്‍ ഐപിഎല്‍ കളിക്കാന്‍ വരാതിരുന്നത് തന്നായെന്ന് തോന്നുന്നു. അതിലൂടെ എനിക്ക് ഷെഫീല്‍ഡ് ഷീല്‍ഡില്‍ വിജയിക്കാനായി. ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യം പരിഗണിക്കുമ്പോള്‍ ആരും ടീമിലെടുക്കാത്തത് ഭാഗ്യം തന്നെയാണ്.'  കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്ന് ഓസീസ് താരങ്ങള്‍ ഐപിഎല്‍ മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ലബുഷെയ്‌ന്റെ പ്രതികരണം. 

നിലവില്‍ ഓസ്‌ട്രേലിയ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഓസീസ് താരങ്ങളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തില്ലെന്ന് ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: Missing out on IPL a blessing in disguise says Marnus Labuschagne