മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. അതിന് മുമ്പ് ടീം അംഗങ്ങളോടെല്ലാം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ ബി.സി.സി.ഐ. നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം ഡോസ് ഇംഗ്ലണ്ടില്‍വെച്ച് നല്‍കുമെന്നും ബി.സി.സി.ഐ. വ്യക്തമാക്കുന്നു. 

എന്നാല്‍, ഐ.പി.എല്‍. ആരംഭിക്കുന്നതിന് മുമ്പുതന്നെ ബി.സി.സി.ഐ. താരങ്ങള്‍ക്ക് വാക്‌സിനേഷന് അവസരം നല്‍കിയിരുന്നുവെന്നും താരങ്ങള്‍ അതു നിരസിക്കുകയായിരുന്നു എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഐ.പി.എല്‍. 14-ാം സീസണ് മുമ്പായിരുന്നു ബി.സി.സി.ഐ. സൗകര്യമൊരുക്കിയത്. വിദേശതാരങ്ങള്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറായപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ നിരസിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രാഞ്ചൈസികളും വലിയ താത്പര്യം കാണിച്ചില്ല. ബയോ ബബ്ള്‍ നല്‍കുന്ന സുരക്ഷയില്‍ താരങ്ങള്‍ വിശ്വസിച്ചു. വാക്‌സിന്‍ എടുത്തശേഷം പനിയും ശരീരവേദനയും വരുന്നതും താരങ്ങളെ ഭയപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതിനിടയില്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഐ.പി.എല്‍. അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും സന്ദീപ് വാര്യര്‍ക്കുമാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്.

Content Highlights: Many IPL Players Refused to Get Vaccinated Before T20 Tournament IPL 2021