മാഞ്ചെസ്റ്റര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കണ്ണുവെച്ച് ഇംഗ്ലീഷ് ഫുട്‌ബോള്‍ ഭീമന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. യുണൈറ്റഡിന്റെ ഉടമകളായ ഗ്ലേസിയര്‍ കുടുംബം 2022 ഐ.പി.എല്ലില്‍ ഒരു ടീമിനെ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്. 

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 2022 ഐ.പി.എല്ലില്‍ പുതുതായി വരുന്ന രണ്ട് ടീമുകളിലൊന്നിനെയാകും ഗ്ലേസിയര്‍ കുടുംബം വാങ്ങുക. ഇതുമായി ബന്ധപ്പെട്ട് യുണൈറ്റഡിന്റെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ബി.സി.സി.ഐയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. 

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെക്കൂടാതെ അമേരിക്കന്‍ നാഷണല്‍ ഫുട്‌ബോള്‍ ലീഗിലെ ടാംബ ബേ ബുക്കാനീയേഴ്‌സ് എന്ന ടീമും ഗ്ലേസിയര്‍ ഫാമിലിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. 

പുതുതായി ഐ.പി.എല്ലിലേക്ക് രണ്ട് ടീമുകള്‍ വരുമ്പോള്‍ അടുത്ത സീസണില്‍ പോരാട്ടം കനക്കും. നിലവില്‍ എട്ട് ടീമുകളാണ് ഐ.പി.എല്ലില്‍ ഉള്ളത്. പുതിയ രണ്ട് ടീമുകള്‍ക്കായി അദാനി ഗ്രൂപ്പ്, ടോറന്റ് ഫാര്‍മ, അരബിന്ദോ ഫാര്‍മ, ആര്‍.പി.-സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പ്, ഹിന്ദുസ്ഥാന്‍ ടൈംസ് മീഡിയ, ജിന്‍ഡല്‍ സ്റ്റീല്‍ തുടങ്ങിയ കമ്പനികള്‍ സജീവമായി രംഗത്തുണ്ട്. അഹമ്മദാബാദ്, ലഖ്‌നൗ, ഗുവാഹട്ടി, കട്ടക്ക്, ഇന്ദോര്‍, ധര്‍മശാല എന്നീ നഗരങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണമാകും പുതിയ ടീമുകള്‍ക്ക് വേദിയാകുക. 

Content Highlights: Manchester United owners Glazer family show interest in buying IPL team: Report