മുംബൈ: ഐ.പി.എല്ലില്‍ അഞ്ചു തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകുന്നില്ല. ഈ സീസണില്‍ ഇതുവരെ അഞ്ച് മത്സരങ്ങള്‍ കളിച്ച മുംബൈ മൂന്നെണ്ണത്തിലും തോറ്റു. ബാറ്റിങ്ങിലെ മോശം പ്രകടനമാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും വിനയാകുന്നത്. ഇതുവരെ 160 റണ്‍സിന് അപ്പുറം സ്‌കോര്‍ ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.

ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ മോശം പ്രകടനമാണ് മുംബൈയെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ 29 റണ്‍സാണ് ഓള്‍റൗണ്ടറായ ക്രുണാലിന്റെ സമ്പാദ്യം. 16 ഓവര്‍ എറിഞ്ഞതില്‍ വീഴ്ത്തിയത് മൂന്നു വിക്കറ്റും വിട്ടുകൊടുത്തത് 116 റണ്‍സുമാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഫീല്‍ഡര്‍മാരോട് ക്രുണാല്‍ ദേഷ്യപ്പെടുകയും ചെയ്തു.

ക്രുണാല്‍ ദേഷ്യപ്പെടുന്നത് അനവസരത്തിലാണെന്നും മികച്ച രീതിയില്‍ പന്ത് എറിഞ്ഞില്ലെങ്കില്‍ എതിര്‍ ടീം റണ്‍സ് സ്‌കോര്‍ ചെയ്യുമെന്നും ആരാധകര്‍ ക്രുണാലിന് മുന്നറിയിപ്പ് നല്‍കുന്നു. ഒപ്പം ക്രുണാലുമായി ബന്ധപ്പെട്ട ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.

Content Highlights: Krunal Pandya IPL 2021 Mumbai Indians