ന്യൂഡല്‍ഹി: അപെന്‍ഡിസൈറ്റിസ് ശസ്ത്രക്രിയക്ക് വിധേയനായ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന് ഒരാഴ്ചയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരികെയെത്താനാകുമെന്ന് റിപ്പോര്‍ട്ട്. 

കഴിഞ്ഞ ദിവസം കഠിനമായ വയറുവേദനയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഹുലിന് പരിശോധനയ്ക്ക് ഒടുവിലാണ് അപെന്‍ഡിസൈറ്റിസാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം രാഹുലിന് എല്ലാ പ്രവര്‍ത്തനങ്ങളും പുനഃരാരംഭിക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീണ്ടും ബയോ ബബിളില്‍ പ്രവേശിച്ച് ടീമിനൊപ്പം ചേരുന്നതിനായി രാഹുലിന്റെ ക്വാറന്റീന്‍ സമയവും മറ്റ് പ്രോട്ടോകോളുകളും നിര്‍ണയിക്കുന്ന കാര്യം പഞ്ചാബ് ടീം ഐ.പി.എല്‍ ഭരണ സമിതിയുമായി ചേര്‍ന്ന് ആലോചിക്കും.

Content Highlights: KL Rahul likely to rejoin IPL bubble after quarantine