അഹമ്മദാബാദ്:  തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയ പഞ്ചാബ് കിങ്‌സിന് തിരിച്ചടി. നായകന്‍ കെ.എല്‍ രാഹുലിന്റെ അസുഖമാണ് പഞ്ചാബ് ടീമിനെ വലച്ചിരിക്കുന്നത്. അടിവയറ്റിലെ വേദനയെ തുടര്‍ന്ന് രാഹുല്‍ ആശുപത്രിയിലാണ്. 

അപ്പെന്റിസൈറ്റിസുമായി ബന്ധപ്പെട്ട് രാഹുലിന് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രാഹുല്‍ എപ്പോള്‍ ടീമിനൊപ്പം ചേരും എന്നത് വ്യക്തമല്ല. ശനിയാഴ്ച്ച രാത്രിയാണ് കടുത്ത വേദനയെ തുടര്‍ന്ന് രാഹുലിനെ ആശുപത്രിയിലാക്കിയത്. ഞായറാഴ്ച്ച രാത്രി തന്നെ രാഹുലിന് ശസ്ത്രക്രിയ ചെയ്യും. തുടര്‍ന്ന് പത്ത് ദിവസമെങ്കിലും വിശ്രമം വേണ്ടിവരും. 

നിലവില്‍ ഐ.പി.എല്ലിലെ ബയോ ബബ്ള്‍ സുരക്ഷയ്ക്ക് അകത്താണ് രാഹുല്‍. ആശുപത്രിയിലും ബയോ ബബ്‌ളിനുള്ളിലാകും. ആരോഗ്യം വീണ്ടെടുത്താല്‍ വേഗത്തില്‍ ടീമിനൊപ്പം ചേരാന്‍ വേണ്ടിയാണിത്. ബയോ ബബ്‌ളിന് പുറത്തു കടന്നാല്‍ പിന്നീട് ക്വാറന്റെയ്‌ന് ശേഷം മാത്രമേ ടീമിനൊപ്പം ചേരാനാകൂ. 

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മായങ്ക് അഗര്‍വാളാണ് പഞ്ചാബിനെ നയിക്കുന്നത്. മായങ്കിനെ താത്ക്കാലിക ക്യാപ്റ്റനായി ടീം മാനേജ്‌മെന്റ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ മായങ്ക് പുറത്താകാതെ 99 റണ്‍സ് നേടി.

Content Highlights: KL Rahul hospitalised with acute appendicitis