അഹമ്മദാബാദ്:  കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഡഗൗട്ടില്‍ പ്രത്യക്ഷപ്പെട്ട നമ്പറെഴുതിയ ബോര്‍ഡ്‌ ആരാധകരെ കൗതുകത്തിലാക്കിയിരുന്നു. 54 എന്ന നമ്പറാണ് ഡഗൗട്ടില്‍ കണ്ടത്. ഇതിനു പിന്നിലെ രഹസ്യം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. അതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍താരം വീരേന്ദര്‍ സെവാഗ്. 

പട്ടാളത്തില്‍ മാത്രമാണ് ഇതുപോലെ കോഡ്ഭാഷ കണ്ടിട്ടുള്ളത്. 54 എന്നത് അവരുടെ ഏതെങ്കിലും തന്ത്രത്തിന്റെ ഭാഗമായിട്ടായിരിക്കാം. ഏതെങ്കിലും പ്രത്യേക സമയത്ത് ഒരു പ്രത്യേക ബൗളറെ കൊണ്ട് എറിയിക്കുക എന്നതുപോലെ എന്തെങ്കിലും ആവാം അത്. ഡഗൗട്ടില്‍ നിന്ന് മാനേജ്‌മെന്റിനും ക്യാപ്റ്റനും ചെയ്യാന്‍ കഴിയുന്ന സഹായമാകും അത്. സെവാഗ് പറയുന്നു.

മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ പറയുന്നത് ക്യാപ്റ്റന്‍ മോര്‍ഗന്‍ മറന്നുപോയ എന്തെങ്കിലും കാര്യം പരിശീലകന്‍ ഓര്‍മപ്പെടുത്തിയതാകും എന്നതാണ്. ഫീല്‍ഡര്‍മാരുടെ പൊസിഷനായിരിക്കും ഇതെന്നും ഓഫ്‌സൈഡില്‍ അഞ്ചു പേരേയും ലെഗ് സൈഡില്‍ നാല് പേരേയും നിര്‍ത്താനാകും പരിശീലകന്‍ പറഞ്ഞതെന്നും ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ഊഹിക്കുന്നു.

തുടരെ തോല്‍വികള്‍ക്ക് ശേഷം പഞ്ചാബിനെതിരേ കൊല്‍ക്കത്ത വിജയം കണ്ടിരുന്നു. ബൗളര്‍മാര്‍ പഞ്ചാബിന് 123 റണ്‍സിന് ഒതുക്കി. തുടര്‍ന്ന് മോര്‍ഗനും രാഹുല്‍ ത്രിപതിയും അടങ്ങുന്ന ബാറ്റ്‌സ്മാന്‍മാര്‍ കൊല്‍ക്കത്തയ്ക്ക് വിജയമൊരുക്കി.

Content Highlights: KKR Sends Coded Message 54 To Skipper Eoin Morgan