ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തോട് പൊരുതുന്ന ഇന്ത്യക്ക് ഐക്യദാര്‍ഢ്യവുമായി മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സണ്‍. ഐപിഎല്‍ ഈ സീസണിലെ കമന്റേറ്ററായി പീറ്റേഴ്‌സണ്‍ ഇന്ത്യയിലുണ്ട്. ഐപിഎല്ലിലെ ബയോ ബബ്‌ളും കടന്ന് താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പീറ്റേഴ്‌സണ്‍ ട്വീറ്റിലൂടെ പ്രതികരിച്ചത്.

'ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്ന രാജ്യമായ ഇന്ത്യ കോവിഡ് വ്യാപനത്തില്‍ കഷ്ടപ്പെടുന്നത് കാണുന്നത് ഹൃദയഭേദകമാണ്. പ്രതിസന്ധികള്‍ തരണം ചെയ്ത് ഇന്ത്യ തിരിച്ചുവരും. ഇന്ത്യ കാണിക്കുന്ന ദയയും മഹാമനസ്‌കതയും ഈ പ്രതിസന്ധിയുടെ സമയത്ത് ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകില്ല'-പീറ്റേഴ്‌സണ്‍ ട്വീറ്റില്‍ പറയുന്നു.

ഐപിഎല്ലില്‍ ആകെയുള്ള എട്ടു ടീമില്‍ നാല് ടീമിലും കോവിഡ് പോസിറ്റീവ് കേസുകള്‍ വന്നതോടെയാണ് ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചത്. കൊല്‍ക്കത്ത താരങ്ങളായ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് കോച്ച് ആര്‍ ബാലാജി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം വൃദ്ധിമാന്‍ സാഹ, ഡല്‍ഹി ക്യാപിറ്റല്‍സ് താരം അമിത് മിശ്ര എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Content Highlights: Kevin Pietersen reacts after IPL 2021 gets suspended