അബൂദാബി: തന്റെ ഹൃദയം പോലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനെ കണ്ടിരുന്ന ഡേവിഡ് വാര്‍ണറുടെ മുഖത്ത് ഇപ്പോഴുള്ള നിരാശ കണ്ടുനില്‍ക്കാനാകുന്നില്ലെന്ന് മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സണ്‍. യു.എ.ഇയില്‍ നടക്കുന്ന ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ വാര്‍ണര്‍ മോശം ഫോമിലായിരുന്നു. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ ഓസ്‌ട്രേലിയന്‍ താരത്തിന് രണ്ടാം ഇന്നിങ്‌സില്‍ നേടാനായത് രണ്ടു റണ്‍സ് മാത്രമാണ്. അതിനുശേഷം വാര്‍ണര്‍ ടീമില്‍ നിന്ന് പുറത്തായി. പകരം ജേസണ്‍ റോയിയെ ഉള്‍പ്പെടുത്തി.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ വാര്‍ണര്‍ സ്‌റ്റേഡിയത്തില്‍ പോലും എത്തിയിരുന്നില്ല. ഇതു ആരാധകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'നിര്‍ഭാഗ്യവശാല്‍ ഇനി ഉണ്ടാകില്ല' എന്ന മറുപടിയാണ് വാര്‍ണര്‍ നല്‍കിയത്. ഇതോടെ താരം ഐപിഎല്‍ വിടുകയാണെന്ന ചര്‍ച്ച ചൂടുപിടിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പീറ്റേഴ്‌സണ്‍ന്റെ പ്രതികരണം.

'ഹൈദരാബാദിനായി ഒരുപാട് റണ്‍സ് കണ്ടെത്തിയ താരമാണ് വാര്‍ണര്‍. അവരെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍. പക്ഷേ ഇപ്പോള്‍ നിരാശയോടെ മാത്രമേ അദ്ദേഹത്തെ കാണാനാകുന്നുള്ളു. നമുക്ക് അറിയാത്ത പല കാര്യങ്ങളും പിന്നണിയില്‍ സംഭവിക്കുന്നുണ്ട്'. 'ബെറ്റ്‌വേ ഇന്‍സൈഡര്‍' ബ്ലോഗില്‍ പീറ്റേഴ്‌സണ്‍ എഴുതുന്നു.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അക്കൗണ്ടിലുള്ള അഞ്ചാമത്തെ ബാറ്ററാണ് വാര്‍ണര്‍. 150 മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറിയും 50 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 5449 റണ്‍സ് നേടി. തുടര്‍ച്ചയായ ഏഴ് സീസണുകളില്‍ ഓരോ സീസണിലും 500 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തു. എന്നാല്‍ ഈ സീസണില്‍ താരം നേടിയത് എട്ടു മത്സരങ്ങളില്‍ നിന്ന് 195 റണ്‍സ് മാത്രമാണ്. 

Content Highlights: Kevin Pietersen on David Warner Sun Risers Hyderabad IPL 2021