മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ഐ.പി.എല്ലില്‍ നിന്ന് പന്മാറിയതിന് പിന്നാലെ വിദേശ താരങ്ങളും ലീഗില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരങ്ങളായ കെയ്ന്‍ റിച്ചാര്‍ഡ്‌സും ആദം സാംപയും ഐ.പി.എല്‍ ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് മടങ്ങുകയാണ്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ പിന്മാറ്റം.

ട്വിറ്ററിലൂടെ ആര്‍സിബി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരും നാട്ടിലേക്ക് മടങ്ങുകയാണെന്നും ടീം എല്ലാ പിന്തുണയും നല്‍കുന്നുവെന്നും ആര്‍സിബി ട്വീറ്റില്‍ പറയുന്നു. നേരത്തെ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ലിയാം ലിവിങ്‌സ്റ്റണും ആന്‍ഡ്രു ടൈയും ടീം വിട്ടിരുന്നു. 

ഇതിനിടയില്‍ ഐ.പി.എല്ലും പാകിസ്താന്‍ സൂപ്പര്‍ ലീഗും മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്റെ മുന്‍താരം ഷുഐബ് അക്തര്‍ രംഗത്തെത്തി. ഈ ടൂര്‍ണമെന്റിനായുള്ള പണം ആളുകളുടെ ജീവന്‍ രക്ഷിക്കാനും ദുരിതത്തിന് അവസാനം കുറിക്കാനും ഉപയോഗിക്കണമെന്നും അക്തര്‍ പറയുന്നു. തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

Content Highlights: Kane Richardson, Adam Zampa  IPL 2021 RCB Covid-19