ക്രിക്കറ്റിലെ ഇതിഹാസ താരമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. 24 വര്‍ഷത്തെ കരിയറില്‍ നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലാക്കിയ താരം. ഇങ്ങനെയുള്ള  സച്ചിനെ കണ്ടാല്‍ ചിലപ്പോള്‍ സ്‌കൂളില്‍ പ്രധാനാധ്യാപകനെ കാണുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്നതുപോലെ നമ്മള്‍ ബഹുമാനിച്ചുപോകും. അങ്ങനെ ഒരു സംഭവമാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ യുവതാരം ഇഷാന്‍ കിഷനില്‍ നിന്നുണ്ടായത്.

മുംബെ ഇന്ത്യന്‍സ് യു ട്യൂബില്‍ റിലീസ് ചെയ്ത വീഡിയോയിലാണ് ഈ സംഭവം കാണിക്കുന്നത്. ഡ്രസ്സിങ് റൂമില്‍ സച്ചിനെ കണ്ട ഇഷാന്‍ കിഷന്‍ പെട്ടെന്ന് എഴുന്നേറ്റു. എന്നിട്ട് 'ആഫ്റ്റര്‍നൂണ്‍ സര്‍'  എന്നു പറഞ്ഞ് തന്റെ ബാഗും ഗ്ലാസും ഊരി. ഇഷാന്റെ ഈ വെപ്രാളം കണ്ട് കീറോണ്‍ പൊള്ളാര്‍ഡ് ഉറക്കെ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ ഈ ഐപിഎല്ലില്‍ എട്ടു ഇന്നിങ്‌സില്‍ നിന്ന് നേടിയത് 107 റണ്‍സാണ്.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന സച്ചിന്‍ 2013-ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ് അവസാന മത്സരം കളിച്ചത്. 2010-ലെ എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി. 47.54 ശരാശരിയില്‍ 618 റണ്‍സാണ് ആ സീസണില്‍ അടിച്ചെടുത്തത്.

Content Highlights: Ishan Kishans reaction on seeing Sachin Tendulkar in the MI dressing room