ചെന്നൈ: ഐ.പി.എല്‍ 14-ാം സീസണിന് വെള്ളിയാഴ്ച തുടക്കമാകുകയാണ്. മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മത്സരത്തിനു മുമ്പ് തനിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുമായുള്ള ആത്മബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. 

32-കാരനായ കോലി 2008-ല്‍ ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ബാംഗ്ലൂര്‍ ടീമിനൊപ്പമാണ്. 2013 മുതല്‍ ടീമിന്റെ നായകനുമാണ്. എന്നാല്‍ ഇതുവരെ ടീമിനൊപ്പം ഒരു കിരീടം പോലും നേടാന്‍ താരത്തിന് സാധിച്ചിട്ടില്ല. 

ഇപ്പോഴിതാ ഇതുവരെ കീരിടം നേടാനായിട്ടില്ലെന്ന കാരണം കൊണ്ട് ആര്‍.സി.ബി വിടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കോലി. 

''മികച്ച ഫാന്‍ബേസുള്ള ഏതാനും ടീമുകളുണ്ട്. എന്നാല്‍ ഞങ്ങളുടെ കളിയുടെ പ്രത്യേകത കാരണം എവിടെ കളിച്ചാലും ഞങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവരുണ്ട്. ഇത്തവണയും ഞങ്ങള്‍ ഹൃദയം മുഴുവന്‍ സമര്‍പ്പിച്ച് കളിക്കും. മുന്‍പ് പലതവണ പ്രതിസന്ധി ഘട്ടങ്ങളില്‍ ഞങ്ങള്‍ക്ക് മികവ് കാണിക്കാന്‍ സാധിക്കാതെ പോയ സന്ദര്‍ഭങ്ങളുണ്ട്. പക്ഷേ ഞങ്ങളുടെ പാഷനിലോ സമര്‍പ്പണത്തിലോ ഒന്നും ഒരു കുറവും ഉണ്ടായിട്ടില്ല.'' - ആര്‍.സി.ബി പങ്കുവെച്ച ഒരു വീഡിയോയില്‍ കോലി പറഞ്ഞു. 

''കിരീടം നേടാനാകാത്തതിന്റെ പേരില്‍ ഇവിടെ നിന്നും വിട്ടുപോയേക്കാമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അത് ഈ ടീമിലെ അന്തരീക്ഷം കൊണ്ടാണ്. ഇതുപോലൊരു സാഹചര്യം മറ്റെവിടെയും കിട്ടാന്‍ വഴിയില്ല.'' - കോലി കൂട്ടിച്ചേര്‍ത്തു.

Content Highlights:  IPL 2021 Virat Kohli said he Never thought of leaving RCB