ചെന്നൈ: ഐ.പി.എല്ലിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ശാസന. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സിനെതിരേ ആറു റണ്‍സിന് ജയിച്ച മത്സരത്തിനിടയിലെ കോലിയുടെ പെരുമാറ്റമാണ് നടപടിക്ക് കാരണമായത്. പിഴയില്‍ നിന്നും മത്സരവിലക്കില്‍ നിന്നും കോലി രക്ഷപ്പെട്ടു.

വ്യക്തിഗത സ്‌കോര്‍ 33-ല്‍ നില്‍ക്കേ പുറത്തായ ദേഷ്യത്തില്‍ ഡഗ്ഔട്ടിലേക്ക് മടങ്ങുകയായിരുന്ന കോലി ബാറ്റുകൊണ്ട് ബൗണ്ടറി ലൈനില്‍ ഇടിക്കുകയും അവിടെയിരുന്ന ഒരു കസേര ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു. താരം കുറ്റം സമ്മതിച്ചതിനാലാണ് പിഴയും മത്സര വിലക്കും ഒഴിവായത്.

മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം. ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ പുറത്തായ കോലി നിരാശയോടെ ഡഗ്ഔട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അതിരുവിട്ട് പെരുമാറിയത്. ഈ രംഗം കൃത്യമായി ക്യാമറ ഒപ്പിയെടുക്കുകയും ചെയ്തു.

ഐ.പി.എല്‍ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 കുറ്റമാണ് കോലി ചെയ്തത്.

Content Highlights: IPL 2021 Virat Kohli reprimanded for breaching code of conduct