ബെംഗളൂരു: ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയം ആധികാരികമായിരുന്നു. 10 വിക്കറ്റിനായിരുന്നു ആര്‍സിബി വിജയം സ്വന്തമാക്കിയത്. അതില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറി നിര്‍ണായകമായി. ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം ഓപ്പണറായി ഇറങ്ങിയത് ദേവ്ദത്ത് ആയിരുന്നു.

11 ഫോറും ആറു സിക്‌സും സഹിതം ദേവ്ദത്ത് 52 പന്തില്‍ 101 റണ്‍സ് നേടിയപ്പോള്‍ നാല് ഫോറും മൂന്നു സിക്‌സും സഹിതം 47 പന്തില്‍ 72 റണ്‍സാണ് കോലി നേടിയത്. ഇരുവരുടേയും ഈ ഓപ്പണിങ് കൂട്ടുകെട്ട് ആര്‍സിബിക്ക് അനായാസ വിജയം സമ്മാനിച്ചു.

എന്നാല്‍ ദേവ്ദത്തിന് തന്റെ സെഞ്ചുറിയേക്കാള്‍ പ്രധാനം ആര്‍സിബി വിജയിക്കുക എന്നതായിരുന്നു എന്ന് മത്സരശേഷം വിരാട് കോലി വ്യക്തമാക്കി. 16-ാം ഓവറിലെ ആദ്യ പന്തിലാണ് മലയാളി താരം സെഞ്ചുറി നേടിയത്. അതിന് മുമ്പ് ദേവ്ദത്ത് കോലിയുമായി സംസാരിച്ചിരുന്നു. 

'ഞങ്ങള്‍ സെഞ്ചുറിയെ കുറിച്ച് സംസാരിച്ചു. സെഞ്ചുറിക്കായി കാത്തിരിക്കേണ്ടെന്നും കളി ഫിനിഷ് ചെയ്യാനുമാണ് അവന്‍ പറഞ്ഞത്. എന്നാല്‍ ആദ്യം സെഞ്ചുറി എടുക്കൂ എന്ന് ഞാന്‍ അവനോട് പറഞ്ഞു. അതു ഇനിയും വരും എന്നായിരുന്നു അവന്റെ മറുപടി. സെഞ്ചുറി ആയശേഷം സംസാരിച്ചാല്‍ മതിയെന്ന് ഞാനും പറഞ്ഞു. കാരണം അവന്‍ ആ സെഞ്ചുറിക്ക് അത്രയും അര്‍ഹനായിരുന്നു.' കോലി വ്യക്തമാക്കി.

Content Highlights:  IPL 2021 Virat Kohli on Devdutt Padikkal