അഹമ്മദാബാദ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ രണ്ട് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുര്‍ന്ന് തിങ്കളാഴ്ച കൊല്‍ക്കത്തയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവച്ചു. ഇതാദ്യമായാണ് ഐ.പി.എല്‍ നടക്കുന്നതിനിടെ കളിക്കാര്‍ കോവിഡ് ബാധിതരാകുന്നത്.

നൈറ്റ് റൈഡേഴ്‌സിന്റെ വരുണ്‍ ചക്രവര്‍ത്തിയും മലയാളി താരം സന്ദീപ് വാര്യരുമാണ് കോവിഡ് പോസറ്റീവായത്. കഴിഞ്ഞ നാലു ദിവസത്തിനിടെ നടത്തിയ മൂന്നാം റൗണ്ട് പരിശോധനയിലാണ് ഇവര്‍ ഫലം പോസറ്റീവായത്. ബാക്കിയുള്ളവരുടെ പരിശോധനാഫലം നെഗറ്റീവാണെന്നും ടീം അറിയിച്ചു. ഇരുവരും ഐസൊലേഷനിലാണ്. ടീം ഡോക്ടര്‍മാര്‍ ആരോഗ്യസ്ഥതി നിരീക്ഷിച്ചുവരികയാണെന്നും ടീം അറിയിച്ചു.

ഏപ്രില്‍ 29നായിരുന്നു കൊല്‍ക്കത്തയുടെ അവസാന മത്സരം, അഹമ്മദാബാദില്‍ ഡെല്‍ത്തിക്കെതിരേ. വരുണും സന്ദീപുമായി ബന്ധപ്പെട്ട ഡെല്‍ഹി താരങ്ങളും ഇപ്പോള്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്.

കെ.കെ.ആര്‍ ഇപ്പോള്‍ നിത്യവും കളിക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. രോഗബാധ നേരത്തെ കണ്ടെത്തി ഉചിതമായ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിതെന്ന് ടീം വിശദീകരിക്കുന്നു.

ആര്‍.സി.ബിയുടെ ദേവ്ദത്ത് പടിക്കലും ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ അക്‌സര്‍ പട്ടേലും കോവിഡ് പോസറ്റീവായിരുന്നെങ്കിലും അതിനുശേഷമാണ് അവര്‍ ടീമിനൊപ്പം ചേര്‍ന്നത്.

കെ.കെ.ആര്‍. നാലു പോയിന്റുമായി ഏഴാമതും ആര്‍.സി.ബി പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.

രാജ്യത്ത് കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നടത്തുന്നതിനെതിരേ വലിയ വിമര്‍നം ഉയരുന്നുണ്ട്. ഇതിനിടെ ഏതാനും രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ വിദേശ താരങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഏതാനും കളിക്കാര്‍ ഇതിനോടകം തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍വാങ്ങിക്കഴിഞ്ഞു. ഭാര്യയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം ആര്‍. അശ്വിനും അമ്പയര്‍ നിതിന്‍ മേനോനും പിന്‍വാങ്ങിയവരില്‍ പെടും.

Content Highlights: IPL 2021: Two KKR Players Test Positive For Covid-19 Match Re scheduled