ന്യൂഡല്‍ഹി: കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനു പിന്നാലെ ഐ.പി.എല്‍ 14-ാം സീസണ്‍ താത്കാലികമായി നിര്‍ത്തിവെച്ചതോടെ പ്രതിസന്ധിയിലായത് ഓസീസ് താരങ്ങളാണ്.

ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചതിനു പിന്നാലെ 14-ാം സീസണുമായി സഹകരിച്ച എല്ലാവരെയും അതത് നാടുകളിലേക്ക് സുരക്ഷിതമായി തിരികെയെത്തിക്കാന്‍ തങ്ങളെക്കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഓസീസ് താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കമന്റേറ്റര്‍മാരുടെയും തിരിച്ചുപോക്ക് അനിശ്ചിതത്വത്തിലാണ്. കാരണം നേരത്തെ 14 ദിവസത്തോളം ഇന്ത്യയില്‍ കഴിഞ്ഞ് മടങ്ങുന്ന സ്വന്തം പൗരന്‍മാര്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ താത്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ നിയമം ലംഘിക്കുന്നവര്‍ അഞ്ചു വര്‍ഷം വരെ ജയിലില്‍ കഴിയേണ്ടി വരികയും കനത്ത പിഴയും നല്‍കേണ്ടി വരും. 

ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരന്‍മാര്‍ തിരികെ വരുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന രീതിയിലുള്ള താത്ക്കാലിക തീരുമാനം ഓസ്‌ട്രേലിയ കൈക്കൊള്ളുന്നത്. മേയ് മൂന്ന് മുതല്‍ ഈ വിലക്ക് പ്രാബല്യത്തില്‍ വന്നു.

നേരത്തെ ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പലരും മറ്റ് രാജ്യങ്ങള്‍ വഴി ഓസ്ട്രേലിയയില്‍ എത്തിച്ചേരുന്നുണ്ട്. ഇത് തടയുക എന്നതാണ് പുതിയ ഉത്തരവ് കൊണ്ടുദ്ദേശിക്കുന്നത്.

ഇന്ത്യയില്‍ കോവിഡ് ക്രമാധീതമായി വര്‍ധിച്ചതും മരണങ്ങളുമാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ടാണ് വിലക്ക് പ്രഖ്യാപിച്ചത്.

ഇതിനിടെ ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്ലില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ താരങ്ങളെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലേക്ക് തിരികെയെത്തിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് നിലവില്‍ പദ്ധതിയില്ലെന്ന് തലവന്‍ നിക്ക് ഹോക്ക്ലി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

മേയ് 30-ന് ടൂര്‍ണമെന്റ് അവസാനിച്ച ശേഷം ഓസ്ട്രേലിയന്‍ താരങ്ങളെ തിരികെയെത്തിക്കാന്‍ ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന് മുംബൈ ഇന്ത്യന്‍സിന്റെ ഓസീസ് താരം ക്രിസ് ലിന്‍ നേരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയയോട് അഭ്യര്‍ഥിച്ചിരുന്നു. 

എന്നാല്‍ ഇപ്പോള്‍ താരങ്ങളെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ തിരികെയെത്തിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് ഒരു മെല്‍ബണ്‍ റേഡിയോ സ്റ്റേഷന് അനുവദിച്ച അഭിമുഖത്തില്‍ ഹോക്ക്ലി വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഒരു തീരുമാനം ഉണ്ടാകുമെന്നും പറഞ്ഞ ഹോക്ക്ലി അത് പെട്ടെന്നാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

പതിനാലോളം ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ ഐ.പി.എല്ലില്‍ വിവിധ ടീമുകളുടെ ഭാഗമായിട്ടുണ്ട്. കളിക്കാരെ കൂടാതെ റിക്കി പോണ്ടിങ്, ഡേവിഡ് ഹസ്സി, ബ്രെറ്റ് ലീ, മാത്യു ഹെയ്ഡന്‍ തുടങ്ങിയ മുന്‍ ഓസീസ് താരങ്ങളും വിവിധ ഐ.പി.എല്‍ ഫ്രാഞ്ചൈസികളുടെ കോച്ചിങ്, സപ്പോര്‍ട്ടിങ് സ്റ്റാഫ്, ടിവി കമന്ററി ടീം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഐ.പി.എല്ലിന്റെ ഭാഗമായിരുന്ന ആദം സാംപ, ആന്‍ഡ്രു ടൈ, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ ഈ നിരോധനം പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ ഓസ്ട്രേലിയയിലേക്ക് തിരികെ പോയിരുന്നു.

അതേസമയം കൂടുതല്‍ താരങ്ങള്‍ രോഗബാധിതരായതോടെയാണ് ഐ.പി.എല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിച്ചത്. പുതുതായി സണ്‍റൈസേഴ്സ് ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്കും ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍ അമിത് മിശ്രയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിയ്ക്കും സന്ദീപ് വാര്യര്‍ക്കും  ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിങ് കോച്ച് ബാലാജിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെയുള്ള എട്ടു ടീമുകളില്‍ നാലിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: IPL 2021 suspended Uncertainty over Australia players return