ദുബായ്: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ ഇഴച്ചില്‍ ഇന്നിങ്‌സിന്റെ പേരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനിക്കെതിരേ വിമര്‍ശനങ്ങള്‍. മത്സരത്തില്‍ ചെന്നൈ മൂന്ന് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു. 

ഡല്‍ഹിക്കെതിരേ 27 പന്തില്‍ നിന്ന് വെറും 18 റണ്‍സാണ് ധോനിക്ക് നേടാനായത്. ഒരു ബൗണ്ടറി പോലും ധോനിയുടെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നില്ല. സ്‌കോര്‍ ഉയര്‍ത്തേണ്ട അവസാന അഞ്ച് ഓവറുകളില്‍ 66.67 ആയിരുന്നു ധോനിയുടെ സ്‌ട്രൈക്ക് റേറ്റ്. രവീന്ദ്ര ജഡേജയ്ക്ക് മുമ്പ് ക്രീസിലെത്തിയ ശേഷമായിരുന്നു ധോനിയുടെ ഈ ഇഴച്ചില്‍. 

എന്നാല്‍ വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ മത്സര ശേഷം ധോനിയെ പ്രതിരോധിച്ച് സൂപ്പര്‍ കിങ്‌സ് പരിശീലകന്‍  സ്റ്റീഫന്‍ ഫ്‌ളെമിങ് രംഗത്തെത്തി. 

ഇവിടെ കളിക്കാന്‍ ധോനി മാത്രമല്ല പ്രയാസപ്പെട്ടതെന്നായിരുന്നു ഫ്‌ളെമിങ്ങിന്റെ വാക്കുകള്‍. 

''ഇവിടെ പ്രയാസപ്പെട്ടത് അദ്ദേഹം (ധോനി) മാത്രമല്ല. സ്‌ട്രോക്ക്‌പ്ലേ ബുദ്ധിമുട്ടായ ദിവസമായിരുന്നു അത്. വലിയ ഷോട്ടുകള്‍ കളിക്കാനും വലിയ സ്‌കോര്‍ നേടാനും പ്രയാസമുള്ള വിക്കറ്റായിരുന്നു ഇത്. രണ്ട് ടീമുകളും അവസാനം വരെ ബാറ്റിങ്ങില്‍ പ്രയാസപ്പെട്ടു. ചില സമയത്ത് നിങ്ങള്‍ വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കാണും. എന്നാല്‍ ഞങ്ങളുടെ കണക്കുകളില്‍ വിജയിക്കാന്‍ വേണ്ട 10-15 റണ്‍സ് മാത്രമാണ് കുറവായിരുന്നത്.'' - ഫ്‌ളെമിങ് പറഞ്ഞു.

''മൂന്ന് വ്യത്യസ്ത ഗ്രൗണ്ടുകളിലെ സാഹചര്യം എന്താണെന്നും ആദ്യം ബാറ്റ് ചെയ്ത് വിജയിക്കാനാവശ്യമായ സ്‌കോര്‍ എന്താണെന്നും വിലയിരുത്തേണ്ടത് പ്രയാസമുള്ള കാര്യമാണ്. ഓരോ ഗ്രൗണ്ടിനും ഓരോ സ്വഭാവമാണ്. അതിനാല്‍ ഇതിനോട് പൊരുത്തപ്പെടേണ്ടതായുണ്ട്.'' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ തന്റെ ഏറ്റവും വേഗം കുറഞ്ഞ ഇന്നിങ്‌സാണ് ധോനിയില്‍ നിന്ന് കഴിഞ്ഞ ദിവസമുണ്ടായത്.

Content Highlights: IPL 2021 Stephen Fleming defends MS Dhoni on his slow innings against Delhi Capitals