ദുബായ്: കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐ.പി.എല്‍ 14-ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 19-ന് യു.എ.ഇയില്‍ ആരംഭിക്കും. 

27 ദിവസങ്ങള്‍ക്കുള്ളില്‍ 31 മത്സരങ്ങളാണ് നടക്കുക. ഒക്ടോബര്‍ 15-ന് ദുബായിലാണ് ഫൈനല്‍. സെപ്റ്റംബര്‍ 19-ന് മുംബൈ ഇന്ത്യന്‍സ് - ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തോടെയാണ് 14-ാം സീസണ്‍ പുനരാരംഭിക്കുക. 

ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം 13 മത്സരങ്ങള്‍ക്ക് വേദിയാകും. 10 മത്സരങ്ങള്‍ ഷാര്‍ജയിലും എട്ട് മത്സരങ്ങള്‍ അബുദാബിയിലും നടക്കും.

നേരത്തെ ഈ വര്‍ഷം ഏപ്രില്‍ 10-ന് ആരംഭിച്ച ടൂര്‍ണമെന്റ് ആറു താരങ്ങള്‍ക്കും രണ്ട് സപ്പോര്‍ട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് നാലിന് നിര്‍ത്തിവെയ്ക്കുകയായിരുന്നു. മെയ് രണ്ട് വരെ നടന്ന ടൂര്‍ണമെന്റില്‍ 29 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.

Content Highlights: IPL 2021 second half match schedule