മുംബൈ: ഐ.പി.എല്ലില്‍ മലയാളി താരം സഞ്ജു സാംസണ്‍ന്റെ ക്യാപ്റ്റന്‍സിയിലാണ് ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് കളിക്കുന്നത്. മലയാളി താരം ക്യാപ്റ്റനായതോടെ സോഷ്യല്‍ മീഡിയ നിറയെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ്. 

രാജസ്ഥാന്‍ റോയല്‍സിന്റെ സോഷ്യല്‍ മീഡിയ പേജിലും ക്യാപ്റ്റന്‍ സഞ്ജുവുമായി ബന്ധപ്പെട്ട രസകരമായ വീഡിയോ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തവണ സഹതാരം ജോസ് ബട്ലറെ വിളിക്കാന്‍ സഞ്ജു ഉപയോഗിച്ച 'ഓമനപ്പേരാണ്' വീഡിയോ ആയി പ്രത്യക്ഷപ്പെട്ടത്.

ഡ്രസ്സിങ് റൂമില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ഈ വീഡിയോയില്‍ ജോസ് ബട്ലറെ 'ജോസ് ഭായ്' എന്നാണ് സഞ്ജു വിളിക്കുന്നത്. ജോസ് ബട്ലര്‍ക്ക് പുതിയ ഓമനപ്പേരിട്ട് സഞ്ജു എന്ന അടിക്കുറിപ്പോടെയാണ് രാജസ്ഥാന്‍ റോയല്‍സ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

'സംഗ പറഞ്ഞതുപോലെ മികച്ച പല തീരുമാനങ്ങളും ഗ്രൗണ്ടില്‍ നടപ്പാക്കാന്‍ ഇന്നു കഴിഞ്ഞു. ജോസ് ഭായ് സഹായിച്ചതുകൊണ്ടാണ് അതെല്ലാം മികച്ച രീതിയില്‍ മുന്നോട്ടുപോയത്.' ടീം മീറ്റിങ്ങിനിടയില്‍ സഞ്ജു പറയുന്നു. അവസാനം ജോസ് ഭായിക്ക് സഞ്ജു നന്ദിയും പറയുന്നുണ്ട്. ഇതോടെ സഹതാരങ്ങളെല്ലാം ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റില്‍സിനെതിരേ രാജസ്ഥാന്‍ വിജയിച്ചിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ സഞ്ജു 119 റണ്‍സ് നേടിയിട്ടും പഞ്ചാബ് കിങ്സിനോട് പരാജയപ്പെട്ടു.

Content Highlights: IPL 2021 Sanju Samson s New Nickname For Jos Buttler